തൃശൂർ: കേരള കലാമണ്ഡലം കൽപിത സർവകലാശാല 2022ലെ ഫെലോഷിപ്പുകളും അവാർഡുകളും എൻഡോവ്മെന്റുകളും പ്രഖ്യാപിച്ചു. കഥകളി സംഗീതജ്ഞൻ മാടമ്പി സുബ്രഹ്ണ്യൻ നമ്പൂതിരിക്കും കൂടിയാട്ടം കലാകാരൻ വേണുജിക്കും (ഇരിങ്ങാലക്കുട നടനകൈരളി) ഫെലോഷിപ്പ് സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ ഡോ. ടി.എസ്. മാധവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 30,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്ന അവാർഡ് 15 പേർക്കാണ്.
ജേതാക്കൾ: ആർ.എൽ.വി. ദാമോദര പിഷാരടി (കഥകളി വേഷം), കലാമണ്ഡലം നാരായണൻ നമ്പൂതിരി (കഥകളി സംഗീതം), കലാമണ്ഡലം ബാലസുന്ദരൻ (കഥകളി ചെണ്ട), കലാമണ്ഡലം ഗോപിക്കുട്ടൻ നായർ (കഥകളി മദ്ദളം), സി.പി. ബാലകൃഷ്ണൻ (കഥകളി അണിയറ), കലാമണ്ഡലം നാരായണൻ നമ്പ്യാർ (മിഴാവ്), കലാമണ്ഡലം ഭാഗ്യേശ്വരി (മോഹിനിയാട്ടം), സുകുമാരൻ നായർ കൊയിലാണ്ടി (തുള്ളൽ), കെ.വി. ജഗദീശൻ (കർണാടക സംഗീതം), എഷ്യാഡ് ശശി മാരാർ (ഇലത്താളം), പള്ളിപ്പുറം ഉണ്ണികൃഷ്ണൻ (കലാഗ്രന്ഥം), അനൂപ് വെള്ളാനി-ശ്രീജിത്ത് വെള്ളാനി (ഡോക്യുമെന്ററി), പള്ളം ചന്ദ്രൻ (എം.കെ.കെ. നായർ സമഗ്ര സംഭാവന പുരസ്കാരം), കലാമണ്ഡലം വേണു മോഹൻ (യുവപ്രതിഭ), എം.കെ. അനിയൻ (മുകുന്ദരാജ സ്മൃതി പുരസ്കാരം).
എൻഡോവ്മെന്റുകൾ: ഓയൂർ രാമചന്ദ്രൻ (കലാരത്നം എൻഡോവ്മെന്റ്), കലാമണ്ഡലം പ്രഷീജ (വി.എസ്. ശർമ), കലാണ്ഡലം പ്രശാന്തി (പൈങ്കുളം രാമചാക്യാർ), പ്രദീപ് ആറാട്ടുപുഴ (വടക്കൻ കണ്ണൻനായർ സ്മൃതി-ഓട്ടൻതുള്ളൽ), കലാമണ്ഡലം എം.കെ. ജ്യോതി (കെ.എസ്. ദിവാകരൻ സ്മാരക സൗഗന്ധിക പുരസ്കാരം-ഓട്ടൻതുള്ളൽ), കലാമണ്ഡലം വിശ്വാസ് (ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ). ഇതിന് പുറമെ കലാമണ്ഡലം ശിവൻ നമ്പൂതിരി (കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡ്), കെ.എസ്. അഞ്ജലി (പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് ജന്മശതാബ്ധി സ്മാരക എൻഡോവ്മെന്റ്) എന്നിവയും സമ്മാനിക്കും.
വാർത്തസമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, സെക്രട്ടറി ഡോ. പി. രാജേഷ് കുമാർ, കലാമണ്ഡലം ഹുസ്നുബാനു, ഡോ. കെ.വി. വാസുദേവൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.