തൃശൂർ: കലാമണ്ഡലം ഗോപിയുടെ എൺപതാം പിറന്നാളിെൻറ ഓർമ നിലനിർത്താൻ കഥകളി തിയറ്റർ സ്ഥാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗോപിയുടെ അശീതി പ്രണാമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിലാണ് കഥകളി തിയറ്റർ ഉദ്ദേശിക്കുന്നത്. കഥകളി ആസ്വാദകർക്കുള്ള സമ്മാനമാണിതെന്നും മന്ത്രി പറഞ്ഞു. പൊന്നാടയണിയിച്ച് ഗോപിയാശാനെ മന്ത്രി ആദരിച്ചു.
സാംസ്കാരിക സമുച്ചയത്തിെൻറ ഏതെങ്കിലും ഭാഗത്ത് കലാമണ്ഡലം ഹൈദരാലിക്കും സ്മാരകം നിർമിക്കണമെന്ന് സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് സാംസ്കാരിക മന്ത്രിക്ക് നിവേദനം നൽകുമെന്നും അവർ പറഞ്ഞു. അശീതി ദീപപ്രദാനം പി.കെ. ബിജു എം.പി നിർവഹിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ജൂൺ ഒന്നിന് ആരംഭിച്ച പിറന്നാൾ ആഘോഷം ‘ഹരിതം’ കഥകളി അവതരണത്തോെട സമാപിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള കഥകളി കലാകാരന്മാരും ആസ്വാദകരും മറ്റു കലാപ്രതിഭകളും നിറഞ്ഞ നാല് സാംസ്കാരിക ദിനങ്ങളാണ് കടന്നുപോയത്. ലോകചരിത്രത്തിൽ ഇത്തരമൊരു പിറന്നാൾ ആഘോഷം ഉണ്ടായിട്ടില്ല.
വൈകുന്നേരം തുടങ്ങി പുലർച്ചെ വരെ നീളുന്ന കഥകളി, പഞ്ചവാദ്യം, സംഗീത സമന്വയം, പഞ്ചമദ്ദള കേളി, ഓട്ടൻതുള്ളൽ, തായമ്പക, അഷ്ടപദി, ചാക്യാർകൂത്ത് എന്നിവ ആസ്വാദക ഹൃദയം കവർന്നു. യു.എ.ഇ എക്സ്ചേഞ്ച് ആയിരുന്നു പരിപാടിയുടെ പ്രായോജകർ.
‘എെൻറ മഹാഭാഗ്യം, ഇൗ ചന്ദ്രികയും മക്കളും’
‘ജീവിതചര്യകൾ മാറ്റിവെച്ച് പരിചരിച്ച ഭാര്യയുടെ കാൽക്കൽ പ്രണാമം...’ കലാമണ്ഡലം ഗോപിയുടെ വാക്കുകൾ ഇടറിയതോടെ സദസ്സ് നിശ്ചലമായി. അശീതി പ്രണാമത്തിന് നന്ദി പറയേവ ജീവിതത്തിലെ നിർണായക ദിനങ്ങളിലെ ഓർമകളിലാണ് കണ്ഠമിടറി കണ്ണുകളിലേക്ക് നനവ് പടർന്നത്.
ഭാര്യയും മക്കളുമാണ് ജീവിതത്തിെൻറ മഹാഭാഗ്യം. കഥകളിയിൽ ഉയരങ്ങളിലെത്താൻ പ്രാപ്തനാക്കിയത് ഭാര്യ ചന്ദ്രികയാണ്. അസുഖം ബാധിച്ച് അശ്വിനി ആശുപത്രിയിൽ കിടന്നപ്പോൾ ഇനിയൊരിക്കലും കഥകളി അരങ്ങിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ജീവിതചര്യകൾ മാറ്റിവെച്ച് സർവസമയവും പരിചരണവുമായി ചന്ദ്രിക ഒപ്പം നിന്നു. അവരുടെ കാൽക്കലാണ് പ്രണാമം അർപ്പിക്കുന്നത്.
രോഗമുക്തി നേടിയശേഷം ഏറ്റവും പ്രയാസമുള്ള വേഷമായ കിർമീര വധത്തിലെ ധർമപുത്രരായാണ് അരങ്ങിലെത്തിയത്. കഥകളിക്കാർ ആയില്ലെങ്കിലും സ്വഭാവദൂഷ്യമില്ലാത്ത രണ്ട് മക്കളും അവരുടെ ഭാര്യമാരുമാണ് മറ്റൊരു ഭാഗ്യം. എൺപതാം പിറന്നാൾ വേളയിൽ ഇത്തരമൊരു സ്വീകരണം അപൂർവ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.