തൃശൂർ: ആലത്തൂരിലെ ഇടത് സ്ഥാനാർഥി മന്ത്രി കെ. രാധാകൃഷ്ണന് വോട്ടഭ്യർഥിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. സമൂഹമാധ്യമത്തിൽ വിഡിയോ ആയാണ് ഗോപിയാശാൻ വോട്ടഭ്യർഥന നടത്തുന്നത്. തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് തുറന്നടിച്ച വിവാദം ആളുന്നതിനിടയിലാണ് ഗോപിയാശാന്‍ ഇടത് സ്ഥാനാർഥി കെ. രാധാകൃഷ്ണനായി വോട്ടഭ്യർഥിച്ചതെന്നതാണ് ശ്രദ്ധേയം.
ഇതിന് കാരണമുണ്ടെന്ന് കൂടി പറഞ്ഞ് വിവാദത്തിന് പരോക്ഷ മറുപടി കൂടി വിഡിയോയിൽ ഗോപിയാശാൻ നൽകുന്നു. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും അച്ഛനായ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കണമെന്നും ഗോപിയാശാന്റെ മകന്‍ രഘുരാജ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഇത് വൻ തോതിൽ ചർച്ചയായിരുന്നു. പിന്നാലെയാണ് ‘തന്റെ എക്കാലത്തെയും സുഹൃത്തെന്ന് വിശേഷിപ്പിച്ച് കലാമണ്ഡലം ഗോപി കെ. രാധാകൃഷ്ണന് വോട്ടഭ്യർഥിക്കുന്നത്.
‘ആലത്തൂരിലെ ജനങ്ങള്‍ക്കറിയാം കെ. രാധാകൃഷ്ണന്റെ ജനസേവനത്തെ കുറിച്ച്. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. രാഷ്ട്രീയത്തില്‍ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം നിന്ന വ്യക്തിയാണ്. ചേലക്കരയില്‍നിന്ന് വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് താന്‍ കലാമണ്ഡലത്തില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും ബോധ്യമുള്ളതുകൊണ്ടാണ് വ്യക്തിപരമായി അദ്ദേഹത്തിനായി വോട്ടഭ്യർഥിക്കുന്ന’തെന്ന് ഗോപിയാശാന്‍ വിഡിയോ സന്ദേശത്തിൽ പറയുന്നു. സി.പി.എം-ഇടത് ഹാൻഡിലുകളിൽ ഗോപിയാശാന്റെ വോട്ടഭ്യർഥന അതിവേഗത്തിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.