കൊച്ചി: രണ്ടാഴ്ചയായി ആശുപത്രി വെന്റിലേറ്ററിൽ ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപാലത്തിലായിരുന്നു കാലടി മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്റെ ഭാര്യ റീന ജോസ് എന്ന സാലി. ഒടുവിൽ ശനിയാഴ്ച രാത്രി പത്തേകാലോടെ മകൾ ലിബിനക്കു പിന്നാലെ റീനയും തിരിച്ചുവരവില്ലാതെ മടങ്ങി.
കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ് പിടയുകയായിരുന്ന അമ്മയെയും സഹോദരിയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദേഹമാസകലം പൊള്ളലേറ്റ റീനയുടെയും പ്രദീപന്റെയും മൂത്തമകൻ പ്രവീണും അതേ ആശുപത്രിയിൽ മരണത്തോട് പൊരുതുകയാണ്, അമ്മയും കുഞ്ഞനുജത്തിയും ഇനിയില്ലെന്ന കാര്യം പോലും അറിയാതെ. പൊള്ളലേറ്റ ഇളയമകൻ രാഹുൽ കളമശ്ശേരി മെഡിക്കൽ കോളജിലും ചികിത്സയിലുണ്ട്. രണ്ടാഴ്ചക്കിടെ പ്രിയ ഭാര്യയുടെയും പൊന്നുമകളുടെയും ജീവൻ പൊലിഞ്ഞതിന്റെ കൊടുംവ്യഥയിലും നടുക്കത്തിലുമാണ് പ്രദീപൻ. ഗുരുതരാവസ്ഥയിലുള്ള മൂത്തമകനെയെങ്കിലും തിരികെ നൽകണേ എന്ന പ്രാർഥന മാത്രമേ ഇപ്പോൾ ഈ പിതാവിനുള്ളൂ.
സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച അഞ്ചാമത്തെയാളാണ് 45 വയസ്സുകാരി റീന. ഇവരും മൂന്നു മക്കളുമാണ് ഒക്ടോബർ 29ന് കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിനു പോയത്. പാചക തൊഴിലാളിയായ പ്രദീപന് പോകാനായില്ല. ചെന്നൈയിൽ ജോലി ചെയ്യുന്ന പ്രവീൺ കൺവെൻഷനിൽ പങ്കെടുക്കാനാണ് അവധിയെടുത്ത് എത്തിയത്. സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്നു രാത്രിതന്നെ 12 വയസ്സുകാരി ലിബിനയുടെ ജീവൻ നഷ്ടമായിരുന്നു. അമ്മക്കും സഹോദരനും അവസാനമായി ഒരുനോക്കു കാണാനായെങ്കിലോ എന്ന പ്രതീക്ഷയിൽ ദിവസങ്ങളോളം കാത്തുനിന്ന് നവംബർ നാലിനാണ് ലിബിനയുടെ മൃതദേഹം സംസ്കരിച്ചത്.
റീനയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് മലയാറ്റൂർ സെന്റ് തോമസ് പള്ളിക്കു(താഴത്തെ പള്ളി) സമീപത്തെ മാർതോമ പാരിഷ് ഹാളിൽ ഒമ്പതു മുതൽ 11വരെ മൃതദേഹം പൊതുദർശനത്തിനു വെക്കും. 12.30ന് കൊരട്ടി യഹോവയുടെ സാക്ഷികളുടെ ശ്മശാനത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.