കളമശ്ശേരി സ്ഫോടനം: ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു, മരണം നാലായി

കൊച്ചി/ആലുവ: കളമശ്ശേരി സംറ കൺവെൻഷൻ സെന്‍ററിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. ആലുവ മുട്ടം ജവഹര്‍ നഗര്‍ ഗണപതി പ്ലാക്കല്‍ വീട്ടില്‍ ജി. ജോയ് മാത്യുവിന്‍റെ ഭാര്യ മോളിയാണ് (61) തിങ്കളാഴ്ച പുലർച്ച 5.08ന് മരിച്ചത്. 80 ശതമാനം പെള്ളലേറ്റ മോളി എറണാകുളം മെഡിക്കൽ സെന്‍ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭർത്താവ് ജോയ്, മകൻ അലക്സ്, മരുമകൾ ബെക്കി, ഇവരുടെ കുട്ടി എന്നിവർക്കൊപ്പമാണ് മോളി കൺവെൻഷനിൽ പങ്കെടുക്കാൻ പോയത്. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒക്ടോബർ 29നാണ് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ കൺവെൻഷൻ ഹാളിൽ സ്ഫോടനം നടത്തിയത്.

പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55) സംഭവസ്ഥലത്തും ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ താമസിക്കുന്ന കുമാരി (53), മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്‍റെ മകൾ ലിബിന (12) എന്നിവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചിരുന്നു. പൊള്ളലേറ്റ 19 പേർ ചികിത്സയിലാണ്. ഇതിൽ 11 പേർ ഐ.സി.യുവിലാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

അരുണ്‍ ജി. മാത്യു (കാനഡ), ആശ (ആസ്‌ട്രേലിയ), അലക്‌സ് ജി. ജോയ്, ആല്‍വിയ (ആസ്‌ട്രേലിയ) എന്നിവരാണ് മരിച്ച മോളിയുടെ മക്കൾ. മരുമക്കള്‍: ഷിജി (കാനഡ), അഭിനേഷ് ജോസ് (ആസ്‌ട്രേലിയ), ബെക്കി, അജിന്‍ ജയിംസ് (ആസ്‌ട്രേലിയ).. 

Tags:    
News Summary - Kalamassery blast: One more person who was undergoing treatment died, death toll rises to four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.