കണ്ണൂർ: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ കണ്ണൂരിൽ താടിയും തൊപ്പിയുമുള്ള ജാർഖണ്ഡുകാരനെ ആൾക്കൂട്ടം നോക്കിനിൽക്കെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. നാട്ടിലെ മദ്രസക്കുവേണ്ടി പിരിവിനെത്തിയയാളെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വിട്ടയച്ചെങ്കിലും താടിയും തൊപ്പിയുമുള്ള യുവാവിന്റെ ചിത്ര സഹിതം വിഷയം ദേശീയമാധ്യമങ്ങൾ ഏറ്റെടുത്തു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉച്ചക്കുശേഷം രണ്ടുമണിയോടെയാണ് സംഭവം. കളമശ്ശേരി സ്ഫോടനത്തിന്റെ ഭാഗമായി സംസ്ഥാനമാകെ ജാഗ്രത പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കണ്ണൂരിലും ആർ.പി.എഫും പൊലീസും സംയുക്തമായി പരിശോധന നടത്തിയത്.
ഇതിനിടെയിലാണ് ജാർഖണ്ഡ് സ്വദേശിയായ യുവാവിനെ ശ്രദ്ധയിൽപെട്ടത്. ഇയാളോട് തിരിച്ചറിയൽ കാർഡും മറ്റു കാര്യങ്ങളും അന്വേഷിക്കുന്നതിനിടെ ആളുകൾ തടിച്ചുകൂടി. വാർത്ത ചാനലുകളും എത്തിയതോടെ ഇവർക്കു മുന്നിലായി ബാഗ് പരിശോധനയും മറ്റും. യുവാവിന്റെ കൈവശമുള്ള മദ്രസ പിരിവിനുള്ള ലഡ്ജറുകളും രശീതിബുക്കുമെല്ലാം പരിശോധിച്ചു. കൂടുതൽ, ചോദ്യം ചെയ്യാനായി ടൗൺ സ്റ്റേഷനിലേക്ക് യുവാവിനെ കൊണ്ടുപോയി. വിശദമായ ചോദ്യം ചെയ്യലിൽ അസ്വാഭാവികമായെന്നുമില്ലെന്ന് കണ്ട് യുവാവിനെ ടൗൺ പൊലീസ് വിട്ടയക്കുകയും ചെയ്തു.
കളമശ്ശേരി സ്ഫോടനം: കണ്ണൂരിൽ ഒരാൾ കസ്റ്റഡിയിൽ എന്ന നിലക്ക് വാർത്തകൾ വന്നെങ്കിലും മിക്ക മലയാള മാധ്യമങ്ങളും യുവാവിന്റെ പേരോ ചിത്രമോ തുടങ്ങിയ കാര്യങ്ങളൊന്നും വെളിപ്പെടുത്തിയില്ല.
എന്നാൽ, ഇംഗ്ലീഷ് ഉൾപ്പടെ വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഒരു മലയാള ടി.വി ചാനൽ യുവാവിന്റെ ചിത്രം സഹിതം വാർത്ത പുറത്തുവിട്ടു. നിമിഷങ്ങൾക്കകമാണ് ദേശീയതലത്തിൽ ഇത് പ്രചരിച്ചത്.
പ്രതിയെ പിടികൂടുന്നവരെ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യകാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസും സർക്കാരും ആവർത്തിച്ച് ഉണർത്തിയിട്ടും ഇതൊന്നും വകവെക്കാതെയാണ് യുവാവിന്റെ ഫോട്ടോ പ്രചരിപ്പിച്ചത്. ഈ മലയാള മാധ്യമത്തിനെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നു വരുന്നത്. സംശയമുള്ളവരെ ചോദ്യം ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കേണ്ടത് മാധ്യമങ്ങളാണെന്നാണ് പൊലീസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.