കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ (File Photo) 

കളമശ്ശേരി ബോംബ് ആക്രമണം: ഡൊമിനികിനെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: കളമശ്ശേരി ബോംബ് ആക്രമണക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 15 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയുടെ രാജ്യാന്തര ബന്ധവും പ്രതിക്ക് പണം എവിടെനിന്ന് കിട്ടിയെന്നും അന്വേഷിക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, അഭിഭാഷകനെ ആവശ്യമില്ലെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പ്രതിക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒക്ടോബർ 29 ന് ഞായറാഴ്ച രാവിലെ 9.30ഓടെയാണ് കളമശ്ശേരി സംറ കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷികൾ തിങ്ങിനിറഞ്ഞ ഹാളിൽ ഡൊമിനിക് മാർട്ടിൻ ബോംബ് ആക്രമണം നടത്തിയത്. സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകം ഉത്തരവാദിത്തം ഏറ്റെടുത്ത് തമ്മനം സ്വദേശിയായ ഇയാൾ പൊലീസിൽ കീഴടങ്ങിയിരുന്നു.

പ്രാർഥനസമയത്ത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മൂന്ന്​ സ്ഫോടനങ്ങളാണ് നടത്തിയത്. ആദ്യം നടത്തിയ സ്​ഫോടന ശ്രമം പാളിയിരുന്നെന്ന് പ്രതി ​മൊഴി നൽകിയിരുന്നു. ബോംബിന്‍റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നുപോകുകയായിരുന്നെന്നാണ്​ ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്​. പിന്നീട്​ സ്​ഫോടക വസ്തുവിലെ സ്വിച്ച്​ ഓൺ ചെയ്താണ്​ സ്​ഫോടനം നടത്തിയത്.

മരണം നാലായി

സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. കളമശ്ശേരി സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന (12), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ വാടകക്ക് താമസിക്കുന്ന കുളത്തിങ്കൽ കുമാരി (53) എന്നിവരാണ് നേരത്തെ മരിച്ചത്. 20 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

Tags:    
News Summary - Kalamassery bomb attack: Dominic released into police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.