കൽപ്പറ്റ: കള്ളാടി- ആനക്കാംപൊയിൽ ഇരട്ടത്തുരങ്കത്തിൻ്റെ പരിസ്ഥിതി അനുമതി റദ്ദു ചെയ്യണമെന്നും, കേരള സർക്കാറിനെതിരെ വിശ്വാസവഞ്ചനക്ക് സാപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വയനാട് പ്രകൃതിസംരക്ഷണ സമിതി കേന്ദ്ര മന്ത്രി ഭൂപേന്ദ്രയാദവിന് കത്തയച്ചു. പരിസ്ഥിതി സെക്രട്ടറി, കേരള ചീഫ് സെക്രട്ടറി, പരിസ്ഥിതി ആഘാത പഠന അതോറിട്ടി ചെയർമാൻ എന്നിവർക്കും കത്തയച്ചു.
കോട്ടപ്പടി, വെള്ളരിമല, തിരുവമ്പാടി, ജീരകപ്പാറ വില്ലേജുകളിലൂടെ കടന്നുപോകുന്ന 8.7 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി തുരങ്കപാതയ്ക് മൊത്തം 51. 370 ഹെക്ടർ ഭ്രമി വേണ്ടതിൽ 34.304 ഹെക്ടർ വനഭ്രമിയാണ്. ഇത് മൊത്തം ഭൂമിയുടെ 61 ശതമാനമാണ്. വിദഗ്ദസമിതി നടപ്പിയ വിലയിരുത്തൽ പ്രക്രിയയിൽ സമർപ്പിച്ച നിർണായക രേഖയായ ഫോറം ഒന്നിൽ അംഗീകാരം ലഭിക്കുതിനായി വനഭൂമിയടക്കമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥരെ തെറ്റിപ്പിക്കുന്ന വിധം തെറ്റായാണ് നൽകിയത്.
പദ്ധതി എരിയുടെ ഏതെങ്കിലും ഭാഗം സംരക്ഷിത മേഖലയോ പരിസ്ഥിതി ദുർബല സോണിലോ ആണോ എന്നുമുള്ള ചോദ്യത്തിന് അല്ല എന്ന തെറ്റായ വിവരങ്ങളാണ് നൽകിയിട്ടുള്ളത്. വനാവകശനിയമപ്രകാരം അവകാശങ്ങൾ നൽകാനുണ്ടോ എന്നും വനവകാശം പദ്ധതിക്ക് വിട്ടുകൊടുക്കുന്ന ഭ്രമിയിൽ പൂർത്തികരിക്കാനുണ്ടോ കോമ്പൻസേറ്ററി അഫോറസ്റ്റേഷന് നിർദ്ദേശിക്കപ്പെട്ട ഭൂമിയിൽ അതുണ്ടോ എന്നുമുള്ള ചോദ്യത്തിന്ന് ഇല്ലഎന്ന ഉത്തരമാണ് നൽകിയത്.
തെറ്റായ ഇത്തരം വിവരങ്ങൾ നൽകിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽനിന്നും സ്റ്റേജ് ഒന്ന് ക്ലിയറൻസ് നേടിയതെന്ന് വ്യക്തമാണ്. പദ്ധതി പ്രദേശത്തെ പർവതച്ചരിവുകൾ മൺസൂൺ കാലങ്ങളിൽ "സ്ഥിരമായി മണ്ണിടിച്ചിൽ സാധ്യതയുള്ള" പ്രദേശങ്ങൾ എന്നാണ് പദ്ധതി പ്രദേശത്തെ കമ്മറ്റി രേഖപ്പെടുത്തുന്നത്. 2019 ലെ മൺസൂൺ സീസണിൽ വിനാശകരമായ മണ്ണിടിച്ചിലാണുണ്ടായത് . നിർദിഷ്ട ടണൽ റോഡിൽ നിന്ന് ഏകദേശം 0.85 കിലോമീറ്റർ അകലെ, പുത്തുമലയിലാണ് ഉരുൾപൊട്ടിയത്.
പദ്ധതി പ്രദേശം പരിസ്ഥിതി ലോല പ്രദേശത്ത് (ഇ.എസ്.എ) വില്ലേജുകളിൽ ഉൾപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വില്ലേജും വയനാട്ടിലെ വെള്ളരിമല വില്ലേജും ഇ.എസ്.എ വില്ലേജുകളാണെന്ന് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.
വയനാട്ടിലെ ആദിവാസി സെറ്റിൽമെൻറ് ആയ അരണമല കാട്ടുനായ്ക്ക കോളനിയിലെ 27 കുടുംബങ്ങളെ പദ്ധതി ബാധിത കുടുംബങ്ങളാണെന്ന് കമ്മിറ്റി കണ്ടെത്തി. വയനാട്ടിലും കോഴിക്കോട് ജില്ലയിലുമായാ 32 ആദിവാസി സെറ്റിൽമെൻറുകൾ നിർദിഷ്ട ടണൽ റോഡിന് സമീപത്തുണ്ടെന്നും ആദിവാസി ഇതര സ്വകാര്യ ഭൂമിയിൽ 17.53 ഹെക്ടറിൽ നഷ്ടപരിഹാര വനവൽക്കരണത്തിന് കണ്ടെത്തിയ ഭൂമി റീബിൽഡ് കേരള സ്കീമിലെ നവകിരണം പദ്ധതി പ്രകാരം ഇതിനകം തന്നെ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയാണെന്നും കണ്ടെത്തി. വനവൽക്കരണം സ്വകാര്യ ഭൂമിയിലേ ചെയ്യാവൂ എന്ന് പ്രത്യേക നിബന്ധനയുള്ളത് പാലിക്കപ്പെട്ടിട്ടില്ല എന്നും കമ്മറ്റി ചൂണ്ടിക്കാണിച്ചു.
പശ്ചിമഘട്ടത്തിലൂടെയുള്ള ടണൽ നിർമാണം വയനാട്ടിലെ കൃഷിക്കോ അവിടുത്തെ വ്യവസായത്തിനോ ടൂറിസത്തിനോ ഒരുഗുണവും ചെയ്യില്ലെന്ന് ഉറപ്പാണ്. പകരം, അത് പരിസ്ഥിതിക്കും പരിസ്ഥിതി സുസ്ഥിരത ഉറപ്പുനൽകുന്ന സമൂഹത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വയനാട്ടിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് സ്ഥിരമായപരിഹാരം നൽകുന്നതിന് ഇപ്പോൾ നിലവിലുള്ള നാടുകാണി, താമരശ്ശേരി, പക്രംതാളം, പെരിയ, ബോയ്‌സ്‌ടൗൺ എന്നീ അഞ്ച് ചുരം റോഡുകൾ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പ്രകൃതി സംരക്ഷണ സമിതി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.