അൻവറിനെ തള്ളി കെ.ടി. ജലീൽ; ഇടതുപക്ഷ സഹയാത്രികനായി തുടരും

മലപ്പുറം: പി.വി. അൻവറിനൊപ്പമില്ലെന്ന് വ്യക്തമാക്കി കെ.ടി. ജലീൽ എം.എൽ.എ. അൻവർ പൊലീസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ട്. താനും മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും ഇക്കാര്യം പറഞ്ഞിരുന്നു. അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചുണ്ട്. അവരുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.

എന്നാൽ അതിന് മുമ്പ് കാര്യങ്ങൾ കൈവിട്ടുപോയെന്നും ജലീൽ പറഞ്ഞു. വളാഞ്ചേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ. അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ട്. അതിന്റെ കൂടെ നിൽക്കില്ല. ഇടതുപക്ഷ സഹയാത്രികനായി തുടരും. വർഗീയ താൽപര്യമുള്ളവർ എല്ലാ കാലത്തും പൊലീസിലുണ്ട്. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ആക്രമിച്ചാൽ മതനിരപേക്ഷതയെ ദുർബലമാക്കും. വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു.

പാർലമെന്ററി പ്രവർത്തനം അവസാനിക്കുന്നു എന്ന് താൻ വ്യക്തമാക്കിയതാണെന്നും അതുകൊണ്ട് എനിക്കിനി ഒരു പാർട്ടിയോടും പ്രതിബദ്ധത ആവശ്യമില്ലെന്നും ജലീൽ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പാർലമെന്ററി പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാൽ ഇനി എനിക്ക് താൽപര്യങ്ങളൊന്നുമില്ലെന്നാണ്. ജീവിതത്തിൽ ഇനി ഒരു ബോർഡ് ചെയർമാൻ ആകണമെന്ന് പോലും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ആരോടും ബാധ്യതയും കടപ്പാടും തോന്നേണ്ടതില്ല. മുഖ്യമന്ത്രിയോടോ, സി.പി.എമ്മിനോടോ ലീഗിനോടോ കോൺഗ്രസിനോടോ ബി.ജെ.പിയോടോ എനിക്ക് കടപ്പാടുണ്ടാകേണ്ടതില്ല. അതുകൊണ്ട് എന്റെ ബോധ്യങ്ങളാണ് ഞാൻ പറയുന്നത്. അൻവറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പുണ്ട്. എന്നാൽ ചില അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പുമുണ്ടെന്നും ജലീൽ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Will remain a left-wing companion -KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.