കുടുംബത്തിന്‍റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; മനാഫിനെതിരെ അർജുന്‍റെ കുടുംബം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് കുടുംബം. തിരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചത്. ഒപ്പംനിന്ന മാധ്യമങ്ങള്‍ക്കും സര്‍ക്കാറിനും ഈശ്വര്‍ മാല്‍പെക്കുമെല്ലാം കുടുംബം നന്ദിയറിയിച്ചു. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

അര്‍ജുന്‍റെ പിതാവ് പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അര്‍ജുന്‍റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് ഒരു വ്യക്തി പ്രചരിപ്പിക്കുന്നത്. കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

രണ്ടാംഘട്ടം കഴിഞ്ഞപ്പോൾ മനാഫ് യൂട്യൂബ് ചാനലുണ്ടാക്കി. അർജുന്‍റെയും കുടുംബത്തിന്‍റെയും പേരുപറഞ്ഞുള്ള പ്രചാരണം നിർത്തണം. ഇല്ലെങ്കിൽ മനാഫിനെതിരെ നിയമനടപടി സ്വീകരിക്കും. അർജുന്‍റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയു. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. പൊതുസമൂഹത്തിനു മുന്നിൽ കുടുംബത്തെ പരിഹാസ്യരാക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.  

അര്‍ജുനെ കാണാതായതു മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നു. എം.കെ. രാഘവൻ എംപി, കെ.സി. വേണുഗോപാല്‍ എം.പി, എ.കെ.എം. അഷ്റഫ് എം.എല്‍.എ, കാര്‍വാര്‍ എം.എൽ.എ സതീഷ് സെയില്‍, മറ്റു എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മല്‍പെ, ലോറി ഉടമ മനാഫ്, ആര്‍.സി ഉടമ മുബീൻ, മാധ്യമങ്ങളെ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണെന്നും ജിതിൻ കൂട്ടിച്ചേർത്തു. തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവ ദുഷ്‌കരമായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ കാലതാമസം ഉണ്ടായെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്കൊന്നും കടക്കുന്നില്ല. കെ.സി. വേണുഗോപാലിനെ നേരിട്ട് ബന്ധപ്പെട്ടാണ് തിരച്ചിൽ വീണ്ടും തുടങ്ങുമെന്ന ഉറപ്പ് ലഭിച്ചത്.

തുടര്‍ന്നാണ് രണ്ടാംഘട്ട തിരച്ചിൽ ആരംഭിച്ചത്. നേവിയും ഈശ്വര്‍ മല്‍പെയും ചേര്‍ന്നുള്ള ഡൈവിങ് തിരച്ചിൽ മാത്രമാണ് രണ്ടാം ഘട്ടത്തിൽ നടന്നത്. പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം അ‍ഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു. ഇത്തരത്തിൽ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കുടുംബം വ്യക്തമാക്കി.

Tags:    
News Summary - Exploits the sentimentality of the family; Arjun's family against Manaf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.