ഇടുക്കിയിൽ വെണ്ണിയാനി ഹാളും ചീനിക്കൽ വശംകത്തി നടപ്പാത കോൺക്രീറ്റിങ്ങും പാതി വഴിയിലെന്ന് റിപ്പോർട്ട്

കോഴിക്കോട് : ആദിവാസികളുടെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നിർമാണം തുടങ്ങിയ ഇടുക്കിയിലെ വെണ്ണിയാനി ഹാളും ചീനിക്കൽ വശംകത്തി നടപ്പാത കോൺക്രീറ്റിങ്ങും പാതി വഴിയിലെന്ന് ധനകാര്യ റിപ്പോർട്ട്. ഇടുക്കി ഐ.ടി.ഡിപി ഓഫിസിലെ ഫയലുകൾ പരിശോധിച്ചപ്പോഴാണ് 2017-18 ലെ പദ്ധതികൾ പൂർത്തീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. കോർപ്പസ് ഫണ്ട് ഇനത്തിൽ അനുവദിക്കുന്ന തുക വർഷങ്ങളോളം നിഷ്ക്രിയമായി ഏജൻസികളുടെ അക്കൗണ്ടിൽ സൂക്ഷിക്കുകയാണ്. ഇക്കാര്യത്തിൽ വകുപ്പുതല മോണിറ്ററിങ് നടക്കുന്നില്ല

ഉടമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വേണ്ണിയാനി കമ്മ്യൂണിറ്റി ഹാൾ 2017-18 ലെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്നതിന് 2017 ജൂലൈ 15 ലെ ജില്ലാതല വർക്കിങ് ഗ്രൂപ്പിൽ പദ്ധതിക്ക് അനുമതി നൽകി. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറുടെ 2017 സെപ്തംബർ 20 ലെ ഉത്തരവ് പ്രകാരം പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറുടെ 2017 നവംമ്പർ ഏഴിലെ ഉത്തരവ് പ്രകാരം പദ്ധതി നിർവഹണത്തിനായി 10 ലക്ഷം രൂപ ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അനുവദിച്ചു. തടർന്ന് തുക കൈമാറി.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും ഐ.ടി.ഡി.പി ഓഫീസറും തമ്മിലുള്ള 2017 ഒക്ടോബർ 27 ലെ കരാർ പ്രകാരം 2018 മാർച്ച് 30 ന് നിർമാണം‬‎ പൂർത്തീകരിക്കണം. ഐ.ടി.ഡി.പി ഓഫീസറുടെ 2018 ജൂലൈ നാലിലെ ഉത്തരവ് പ്രകാരം പ്രവർത്തി പൂർത്തീകരിക്കുന്നതിനുള്ള കാലാവധി 2018 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഫയൽ പരിശോധിച്ചതിൽ നിന്നും കരാറുകാരന്റെ പേര്, കരാർ തീയതി പ്രവർത്തിയുടെ പൂർത്തീകരണ കാലാവധി, അസി. എഞ്ചിനീയറുടെ ഒപ്പ് എന്നിവ രേഖപ്പെടുത്താത്ത കരാർ ഉടമ്പടിയാണ് ഫയലിൽ സൂക്ഷിച്ചിട്ടുള്ളത്.

സ്ഥലം സംബന്ധിച്ച് തീരുമാനം ഉണ്ടാകാത്തതിനാലാണ് സൈറ്റ് ഹാൻഡ് ഓവർ ചെയ്ത് നൽകാതിരുന്നത് എന്നാണ് അസി. എഞ്ചിനീയറുടെ വിശദീകരണം. എന്നാൽ പദ്ധതി നാളിതുവരെ ആരംഭിച്ചിട്ടില്ല. പദ്ധതി നിർവഹണത്തിനായി ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അനുവദിച്ച് നൽകിയ 10 ലക്ഷം രൂപ 2017 നവംമ്പർ ഏഴ് മുതൽ നിഷ്ക്രിയമായി സൂക്ഷിച്ചിരിക്കുകയാണ്.

ഇതിന് സമാനമാണ് ചീനിക്കൽ വശംകത്തി നടപ്പാത കോൺക്രീറ്റിങ് നർമാണം. പദ്ധതിക്ക് 2017-18 സാമ്പത്തിക വർഷം 25 ലക്ഷം രൂപ അനുവദിക്കുകയും 2019 ജനുവരി 28ലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വിനിയോഗ സാക്ഷ്യപത്ര പ്രകാരം 19,69,615 ചെലവഴിക്കുകയും ചെയ്തു. ബാലൻസായി 5,30,385 രൂപ അവശേഷിക്കുന്നു. ബാലൻസ് തുക ഉപയോഗിച്ച് റോഡിൻറെ 136 മീറ്റർ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റിന് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

അതിന് പട്ടികജാതി ഡയറക്ടർ അംഗീകാരം നൽകുന്നതിനായി സമർപ്പിച്ചിരിക്കുകയാണ്. ഇപ്രകാരം ഭരണാനുമതി ലഭിക്കുന്നതിന് മുൻപായി നിർവഹണ എജൻസിയായ ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടിൽ 5,30,385 രൂപ നിഷ്ക്രിയമായി സൂക്ഷിച്ചിരിക്കുകയാണ്. കോർപ്പസ് ഫണ്ട് ഇനത്തിൽ അനുവദിക്കുന്ന തുക വർഷങ്ങളോളം നിഷ്ക്രിയമായി ഏജൻസികളുടെ അക്കൗണ്ടിൽ സൂക്ഷിക്കുകയാണ്. ഇകത്കാര്യത്തിൽ ഭരണവകുപ്പ് പരിശോധിച്ച് നടപടി സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

Tags:    
News Summary - Venniani Hall and Chenikal Vasankatti Pavement Concreting at Halfway in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.