‘സൂര്യനുമല്ല ചന്ദ്രനുമല്ല, മുഖ്യമന്ത്രി കറുത്ത മേഘം; മലപ്പുറത്തിന്‍റെ പേര് പറയുന്നത് ആർ.എസ്.എസിനെ സന്തോഷിപ്പിക്കാൻ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയുടെ പേര് പറയുന്നത് ആർ.എസ്.എസുകാരെ സന്തോഷിപ്പിക്കാൻ വേണ്ടിയെന്ന് കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ. മുരളീധരൻ. ഭൂരിപക്ഷ വർഗീയതയെ കൈക്കൊള്ളുന്ന സമീപനമാണ് ഇപ്പോൾ സി.പി.എമ്മിന്‍റേത്. മുഖ്യമന്ത്രി ഇപ്പോൾ സൂര്യനുമല്ല ചന്ദ്രനുമല്ല, കറുത്ത മേഘമായി. പ്രസ്ഥാനത്തെ രക്ഷപെടുത്താനെങ്കിലും പിണറായി ഒഴിഞ്ഞുപോകണമെന്ന് മുരളീധരൻ പറഞ്ഞു.

“കഴിഞ്ഞ കുറച്ചുനാളുകളായി മുഖ്യമന്ത്രിയുടെയും മാർക്സിസ്റ്റ് പാർട്ടിയുടെയും പ്രസ്താവനകൾ ആർ.എസ്.എസ് ശൈലിയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഭൂരിപക്ഷ വർഗീയതയെ കൈക്കൊള്ളുന്ന സമീപനമാണ് ഇപ്പോൾ അവർക്കുള്ളത്. പി.ആർ. ഏജൻസിക്കാർ സമീപിച്ചതു പ്രകാരമാണ് മലപ്പുറത്തെ സംബന്ധിച്ച പരാമർശം നൽകിയതെന്ന് ഹിന്ദു പത്രത്തിന്‍റെ വിശദീകരണത്തിൽ പറയുന്നു. പി.ആർ ഏജൻസിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കാൻ പിണറായി നിർദേശിക്കണം.

മലപ്പുറം ജില്ല എന്ന് മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറയുന്നത് ആർ.എസ്.എസുകാരെ സന്തോഷിപ്പിക്കാൻ വേണ്ടിയല്ലേ. നേരിട്ടുപറയാനുള്ളത് ഏജൻസി വഴി മുഖ്യമന്ത്രി പറഞ്ഞെന്നാണ് ഞങ്ങൾ അനുമാനിക്കുന്നത്. അതല്ലെങ്കിൽ ഏജൻസിക്കെതിരെ കേസെടുക്കണം. ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് സർക്കാർ പി.ആർ ഏജൻസിയെ ഉപയോഗിക്കുന്നത്. കാൾ മാർക്സോ ഏംഗൽസോ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവർ പിണറായിയെ എന്തായിരുന്നു ചെയ്യുകയെന്ന് ഇപ്പോൾ പറയുന്നില്ല. മുഖ്യമന്ത്രി ഇപ്പോൾ സൂര്യനുമല്ല ചന്ദ്രനുമല്ല, കറുത്ത മേഘമായി. കറുത്ത മേഘം മഴ പെയ്യിക്കുകയെങ്കിലും ചെയ്യും. ഇത് അതിനും ഗുണമില്ല. അതുകൊണ്ട് എത്രയും വേഗം ഒഴിഞ്ഞുപോവുക. അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തുക” -മുരളീധരൻ പറഞ്ഞു.

അതേസമയം മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. പ്രതിസന്ധി നേരിടാൻ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഹിന്ദു പത്രത്തിൽ വന്നാൽ ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ശ്രദ്ധയിൽ വരും എന്നുള്ളതുകൊണ്ടാണ് അഭിമുഖം ആ പത്രത്തിന് തന്നെ നൽകിയതെന്നും ഹസൻ ആരോപിച്ചു. മലപ്പുറത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം ബോധപൂർവമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. അനുവാദം വാങ്ങാതെ പി.ആർ ഏജൻസി അത്തരം പരാമർശങ്ങൾ എഴുതി കൊടുക്കില്ല. വർഷങ്ങളായി ബി.ജെ.പി പറയുന്ന കാര്യങ്ങളാണ് മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി ദേശീയ മാധ്യമത്തോട് പറഞ്ഞത്. ഒരു രാഷ്ട്രീയ തത്വവും കാഴ്ചപ്പാടും മുഖ്യമന്ത്രിക്ക് ഇല്ലെന്നും സുധാകരൻ പറഞ്ഞു. 

Tags:    
News Summary - CM Pinarayi Vijayan mention Malappuram to appease RSS, says K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.