തിരുവനന്തപുരം: ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതി സംസ്ഥാനത്ത് കൽപിത സർവകലാശാലകൾക്ക് വഴിതുറക്കാൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ മുൻഗണന നൽകുന്നത് സ്വകാര്യ സർവകലാശാലകൾക്ക്. സമിതി റിപ്പോർട്ടും അതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായവും രേഖപ്പെടുത്തിയുള്ള ഫയൽ ലഭിച്ച ശേഷം വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും വൈകാതെ തീരുമാനമെടുക്കുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സ്വയംഭരണ പദവിയുള്ള രണ്ട് എയ്ഡഡ് കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജൻസികളും കൽപിത സർവകലാശാല പദവിക്ക് അപേക്ഷിക്കാൻ അനുമതി തേടി സർക്കാറിന് കത്ത് നൽകിയിരുന്നു. എയ്ഡഡ് കോളജുകൾക്ക് കൽപിത സർവകലാശാല പദവി നൽകുന്നതുവഴിയുണ്ടാകുന്ന പ്രശ്നങ്ങൾ സി.പി.എം തലത്തിലും സർക്കാർ തലത്തിലും ചർച്ച ചെയ്തിരുന്നു. ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.
സമിതി എയ്ഡഡ് സ്ഥാപനങ്ങൾക്ക് കൽപിത സർവകലാശാല പദവി നൽകാനുള്ള നിർദേശങ്ങൾ സഹിതമാണ് റിപ്പോർട്ട് നൽകിയത്. അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നതിനു പകരമായി വിദ്യാർഥി പ്രവേശനത്തിൽ നിശ്ചിത ശതമാനം സീറ്റുകൾ സർക്കാറിന് വിട്ടുനൽകാൻ കരാർ ഒപ്പിട്ട് എയ്ഡഡ് സ്ഥാപനങ്ങൾക്ക് കൽപിത പദവിക്ക് അനുമതി നൽകാമെന്നാണ് പ്രധാന നിർദേശം. എന്നാൽ, കൽപിത സർവകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് യു.ജി.സിയുടെ റെഗുലേഷൻ നിലവിലുള്ളതിനാൽ സംസ്ഥാന തലത്തിൽ കരാറും നിയമവും കൊണ്ടുവന്നാലും അവ നിലനിൽക്കില്ലെന്ന അഭിപ്രായമാണ് സർക്കാർ, പാർട്ടി തലത്തിൽ ഉയർന്നുവന്നത്. ഇതോടെയാണ് മികച്ച ട്രാക്ക് റെക്കോഡുള്ള സ്ഥാപനങ്ങളിൽ താൽപര്യമുള്ളവക്ക് സ്വകാര്യ സർവകലാശാലയാകാൻ അനുമതിനൽകാമെന്നും അതിനായി സംസ്ഥാനത്ത് പ്രത്യേകം നിയമനിർമാണം നടത്തണമെന്നുമുള്ള നിർദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ചത്. 50 ശതമാനം സീറ്റ് സർക്കാറിന് വിട്ടുനൽകാമെന്ന കരാറിൽ മുമ്പ് സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുമതി നേടിയ ശേഷം അതിൽ നിന്ന് പിന്മാറിയ മാനേജ്മെന്റുകളുടെ ചരിത്രം ഓർമിപ്പിച്ചാണ് കൽപിത സർവകലാശാല നിർദേശത്തെ എതിർത്തത്. മികച്ച എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാറിന് നിയന്ത്രണമില്ലാത്ത രീതിയിൽ കൽപിത സർവകലാശാലയാകുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്തുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് കരുതുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തൽക്കാലം കൽപിത സർവകലാശാലകൾ വേണ്ടതില്ലെന്നും സ്വകാര്യ സർവകലാശാലയാകാമെന്നുമുള്ള നിലപാടിലേക്ക് സർക്കാർ നീങ്ങുന്നത്.
സ്വകാര്യ സർവകലാശാലയായി പരിവർത്തനം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുന്നിൽ അക്കാദമിക മികവ് പ്രധാന ഘടകമായി മാറും. നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഉയർന്ന ഗ്രേഡിങ്, എൻ.ഐ.ആർ.എഫ് റാങ്കിങ് തുടങ്ങിയവ സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളായി മാറും. സർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്താൽ പ്രത്യേക നിയമനിർമാണം നടത്തേണ്ടിവരും. മാനദണ്ഡങ്ങൾ ഉൾപ്പെടെ നിയമത്തിന്റെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.