കാസർകോട്: ശിൽപങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. പ്രഥമപുരസ്കാരത്തിൽ തന്നെ പുരസ്കാര ജേതാവ് നിരസിക്കുന്നതായി പ്രഖ്യാപിച്ചത് സർക്കാറിന് തിരിച്ചടിയായി.
കേരളത്തിൽ കലയ്ക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും കലയെ പ്രോത്സാഹിപ്പിക്കാതെ പുരസ്കാരം വാങ്ങാൻ മനസ്സ് സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശില്‍പങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'ശംഖുമുഖത്തെ സമുദ്രകന്യകാ ശില്‍പ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്‍പത്തിന്റെ മഹിമ കെടുത്തി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയോട് അക്കാര്യം പറഞ്ഞിരുന്നു. അക്കാര്യത്തില്‍ പരിഹാരം കണ്ടെത്തിയില്ല. അദ്ദേഹം എന്റെ സുഹൃത്ത് കൂടിയാാണ്. പക്ഷേ, വേളിയിലെ ശില്‍പങ്ങള്‍ വികൃതമാക്കുകയാണ് കടകംപള്ളി ചെയ്തത്. അത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് എനിക്കറിയാം. അത് തല്‍ക്കാലം ഞാന്‍ പറയുന്നില്ല. മൂന്ന് ശിൽപങ്ങളും എനിക്ക് സന്താനങ്ങളെ പോലെയാണ്. പീഡിപ്പിക്കപ്പെട്ട സന്താനങ്ങളെ കാണുമ്പോൾ അമ്മയ്ക്ക് എങ്ങനെയുണ്ടാകും? അതുപോലെയാണ് ശിൽപിക്ക്' -കാനായി പറഞ്ഞു.
''വേളിയിലെ അവസ്ഥയും സമാനമാണ്. ആർക്കും വേണ്ടാത്ത ഒരു വേളിയാണ് ഞാൻ ആദ്യമായി എത്തുമ്പോൾ അവിടെയുണ്ടായിരുന്നത്. ആരും അവിടെ പോയിരുന്നില്ല. അവിടെ ലോകത്തിലെ ഏറ്റവും വലിയ ശംഖ് സ്ഥാപിച്ചു. നാട്ടുകാർക്ക് വരുമാനം ലഭിച്ചതോടെ അതിനെ ദൈവത്തെ പോലെയാണ് നാട്ടുകാർ കണ്ടത്. അതും വികൃതമാക്കിക്കളഞ്ഞു.
ഇതേ അവസ്ഥയാണ് കണ്ണൂർ പയ്യാമ്പലത്തും. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരാണ് വേളി ടൂറിസ്റ്റ് വില്ലേജ് പോലെ അവിടെയും മനോഹരമാക്കാൻ ആവശ്യപ്പെട്ടത്. 80 സെന്റ് മാത്രമുണ്ടായിരുന്ന അവിടെ മൂന്ന് ഏക്കറിൽ സൂര്യാസ്തമയം കാണാവുന്ന രീതിയിലാണ് ഞാൻ പാർക്ക് ക്രമീകരിച്ചത്. അതും അവഗണിക്കപ്പെട്ടു കിടക്കുകയാണ്. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെ ഈ അവാർഡ് ഞാൻ എങ്ങനെയാണ് സ്വീകരിക്കുക. എന്റെ പ്രശ്നങ്ങൾക്ക് അവാർഡ് ഒരു പരിഹാരമല്ല' - കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി.
ഈ വർഷം മുതലാണ് പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള പുരസ്‌കാരങ്ങള്‍ നൽകുന്നത്. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ മൂന്നു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണ് നല്‍കുക.
എംടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്‍, വെക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.