കുറ്റ്യാടി: വെള്ളമുണ്ട കണ്ടത്തുവയലിൽ യുവദമ്പതികളെ കൊന്ന കേസിൽ പ്രതി തൊട്ടിൽപാലം കല്ലുനിര കലങ്ങോട്ടുമ്മൽ മരുതോറ വിശ്വനാഥന് കോടതി വിധിച്ചത് അർഹമായ ശിക്ഷയെന്ന് പ്രതിയുടെ നാട്ടുകാർ. ആണുങ്ങളില്ലാത്ത വീടുകളിൽ ഒളിഞ്ഞു നോട്ടവും മോഷണവുമൊക്കെയായി കഴിഞ്ഞ വിശ്വനാഥൻ വയനാട്ടിൽ ഇരട്ടക്കൊല കേസിലും ഉൾപ്പെട്ടതോടെ കടുത്ത ശിക്ഷ കിട്ടണമെന്ന അഭിപ്രായമായിരുന്നു അധിക പേർക്കും.
സഹോദരങ്ങളും അമ്മാവൻമാരും ഭാര്യയും ബന്ധുക്കളും എല്ലാ ഉണ്ടായിട്ടും മൂന്നു കൊല്ലത്തിലേറെയായി വിചാരണ തടവുകാരനായി കഴിയുന്ന വിശ്വനാഥനെ ജാമ്യത്തിലെടുക്കാൻ ആരും സന്നദ്ധനായില്ല. 2018ൽ നടന്ന കൊലയുമായി ബന്ധപ്പെട്ട് രണ്ടു മാസം കഴിഞ്ഞാണ് പിടിയിലാവുന്നത്. വിശ്വനാഥനെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടു വന്നപ്പോൾ വൻ ജനാവലിയാണ് അന്ന് സംഘടിച്ചെത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് സിംകാർഡ് വീട്ടിനു സമീപമാണത്രെ ഉപേക്ഷിച്ചിരുന്നത്. വിശ്വനാഥൻ അറസ്റ്റിലായ ശേഷം ഭാര്യ കക്കട്ടിലെ സ്വന്തം വീട്ടിലേക്ക് പോയി. അമ്മ അനുജന്റെ കൂടെയും.
ആശാരിപ്പണിക്കാരനായിരുന്ന വിശ്വനാഥൻ കൊല്ലപ്പെട്ട ഉമ്മറിന്റെയും ബന്ധുക്കളുടെയും വീട്ടിൽ നേരത്തെ ജോലിചെയ്തിരുന്നു. രണ്ടു മാസത്തിനു ശേഷം തൊട്ടിൽപാലത്ത് സഹോദരിയുടെ മകളുടെ ആയ്യാർമുക്കിലെ വീട്ടിലെ വിവാഹ ചടങ്ങിനിടെയാണ് അറസ്റ്റിലാവുന്നത്. കൊലപാതകത്തിന് മുമ്പ് ഇയാൾ ജോലിക്ക് ഗൾഫിൽ പോയിരുന്നു. നാട്ടുകാരനായ ഒരാളുടെ സ്ഥാപനത്തിൽ ജോലിക്കു ശ്രമിച്ചിരുന്നു. നാട്ടിൽ നല്ല നടപ്പുകാരനല്ലെന്ന വിവരം ലഭിച്ചതിനാൽ ജോലി കൊടുത്തില്ല.
കലങ്ങോട്ടുമ്മലെ വീട്ടിനകത്ത് സ്ത്രീകളെ ഒളിഞ്ഞു നോക്കുന്നതിനിടെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിൽ വീണു.
പൊലീസും ഫയർഫോഴ്സുമെത്തിയാണ് കരക്ക് കയറ്റുന്നത്. ഒരു വീട്ടിൽ ഒളിഞ്ഞു നോക്കുമ്പോൾ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. മോഷണത്തിനും ഒളിഞ്ഞുനോട്ടത്തിനും പോകുമ്പോൾ കുതറി രക്ഷപ്പെടാൻ അടിവസ്ത്രം മാത്രമാണത്രെ ധരിക്കാറ്. നേരത്തെ നാട്ടുകാരുമായി സൗഹൃദത്തിലായിരുന്നുവെങ്കിലും പിന്നീട് അധികമാരും വിശ്വനാഥനുമായി ബന്ധമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.