കാഞ്ഞങ്ങാട്: എൻ.ഐ.എ കേസിൽ കാഞ്ഞങ്ങാട്ട് പിടിയിലായ പ്രതി ബംഗ്ലാദേശിലെ ഭീകരസംഘടനയിലെ അംഗമെന്ന് സൂചന. ബംഗ്ലാദേശിൽ സ്ഫോടനം നടത്തിയ സംഘടനയിലെ അംഗമെന്നാണ് സൂചന. പിടിയിലായ എം.ബി. ഷാബ്ഷേഖ് (32) ബംഗ്ലാദേശ് പൗരനാണെന്ന് ഉറപ്പായിട്ടുണ്ട്. ബുധനാഴ്ച പുലർച്ച നാലോടെയാണ് പടന്നക്കാട്ടെ ക്വാർട്ടേഴ്സിൽനിന്ന് എൻ.ഐ.എ സംഘവും അസം പൊലീസ് ടാസ്ക് ഫോഴ്സും ചേർന്ന് പ്രതിയെ പിടികൂടിയത്. ബംഗ്ലാദേശിൽനിന്ന് നുഴഞ്ഞുകയറി ഇന്ത്യയിലെത്തിയ ഇയാൾ നാലു വർഷം മുമ്പ് കേരളത്തിലുമെത്തി. അൻസാറുള്ള ബംഗ്ള എന്ന സംഘടനയിലെ അംഗമാണെന്നാണ് പറയുന്നത്.
ഈ സംഘടന അസമിൽ സ്ഥിരതാമസമാക്കി പ്രവർത്തിക്കാൻ അയച്ചതാണെന്നും അന്വേഷണസംഘം പറഞ്ഞു. അസം പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു. കേരളത്തിൽ ഒരു സംഘടനയുടെ സഹായം ലഭിച്ചതായും സംശയിക്കുന്നുണ്ട്. കൈവശവും ബാങ്ക് അക്കൗണ്ടിലും പണമുണ്ടായിരുന്നില്ലെങ്കിലും മറ്റ് രീതിയിൽ സഹായമെത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഘാംഗങ്ങൾ തോക്ക് ഉൾപ്പെടെ കൈയിൽ ആയുധം പിടിച്ചുനിൽക്കുന്ന ഫോട്ടോകൾ ബംഗ്ലാദേശിൽനിന്ന് അയച്ചുകൊടുത്തതായി പ്രതിയുടെ മൊബൈലിൽ കണ്ടെത്തി. താമസിച്ചിരുന്ന പ്രദേശത്തെ ഫോട്ടോയും ഇയാൾ അയച്ചുകൊടുത്തിട്ടുണ്ട്. മെസഞ്ചർ വഴി മാത്രമായിരുന്നു ആശയവിനിമയം. വാട്സ്ആപ്പും ഫോൺ കാളുകളും ഉപയോഗിച്ചില്ല. വ്യാജമായി നിർമിച്ച ഇന്ത്യയുടെ വോട്ടർ ഐ.ഡി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ ചോദ്യങ്ങളോട് നിഷേധ മറുപടിയായിരുന്നുവെങ്കിലും തങ്ങൾ തിരയുന്ന ആൾതന്നെയാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കിയിരുന്നു.
ഇയാളെ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. പ്രതി കാഞ്ഞങ്ങാട്ട് താമസിച്ചതുസംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും വിശദമായ അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.