തവനൂർ: ശബരിമല ദർശനത്തെതുടർന്ന് ഭർതൃവീട്ടുകാരുടെ എതിർപ്പ് നേരിടേണ്ടിവന്ന കനകദുർഗക്കൊപ്പം ആഴ്ചയില്‍ ഒരു ദിവസം കുട്ടികളെ വിടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മി റ്റി സിറ്റിങ്ങിൽ തീരുമാനം. ശനിയാഴ്ച തവനൂരില്‍ നടന്ന സിറ്റിങ്ങിലാണ് ചെയര്മാന് അഡ്വ. ഹാരിസ് പഞ്ചിളി, അംഗങ്ങളായ അഡ്വ. കവിത ശങ്കര്‍, അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍ എന്നിവരടങ്ങിയ സമിതി തീരുമാനമെടുത്തത്. തീരുമാനം കനകദുർഗയും ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതി അമ്മയും അംഗീകരിച്ചു. ഉത്തരവ് ഫെബ്രുവരി 23ന് ഇറങ്ങും.
എല്ലാ ശനിയാഴ്ചയും വൈകീട്ട് അഞ്ച് മുതല്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് വരെയാണ് കുട്ടികളെ കനകദുർഗക്കൊപ്പം താമസിപ്പിക്കുക. ഈ സമയത്ത് കനകദുർഗക്ക് സംരക്ഷണം നല്കുന്ന പൊലീസ് ഔദ്യോഗികവേഷത്തില്‍ അവിടെ ഉണ്ടാവാന്‍ പാടില്ല. പൊലീസിെൻറ ഭാഗത്തുനിന്ന് കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ലെന്നും വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. നിർദേശങ്ങള്‍ പൊലീസിന് രേഖാമൂലം നല്‍കും. സിറ്റിങ് ഹാളിന് സമീപത്തെ മുറിയില്‍ രണ്ടുതവണ കുട്ടികളുമായി സംസാരിക്കാന്‍ കനകദുർഗക്ക് കമ്മിറ്റി അവസരം നല്കി. തീരുമാനം അംഗീകരിച്ചതായും മറ്റ് നടപടികള്‍ പിന്നീട് സ്വീകരിക്കുമെന്നും കനകദുർഗ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.