മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനംചെയ്ത് നാല് വർഷവും 24 ദിവസവും. കൃത്യമായി സൂചിപ്പിച്ചാല്‍ 1485 ദിനം. ഇതിനുള്ളില്‍ മട്ടന്നൂര്‍ കാര മൂര്‍ഖന്‍പറമ്പിലെ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത് 235 കിലോ സ്വര്‍ണം. ഇതിന്റെ മൂല്യമാകട്ടെ 125.28 കോടി രൂപയും!
വെള്ളിയാഴ്ച പിടികൂടിയ 1.241 കിലോ ഉള്‍പ്പെടെയാണ് നാളിതുവരെ 125,28,38,760 രൂപ മൂല്യമുള്ള 234.614 കിലോ സ്വര്‍ണം ഇവിടെനിന്ന് പിടിച്ചത്. വിമാനത്തിലെ സീറ്റിനടിയിലും ശൗചാലയത്തിലും മാലിന്യത്തിലും ഉപേക്ഷിച്ച നിലയില്‍ ഇവിടെനിന്ന് നിരവധി തവണ സ്വര്‍ണം ലഭിച്ചു. എയര്‍ കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, എയര്‍പോര്‍ട്ട് പൊലീസ് എന്നിവരാണ് നാളിതുവരെ ഇത്രയും സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് പരിശോധനയില്‍ കണ്ടില്ലെങ്കിലും നാലു തവണയായി എയര്‍പോര്‍ട്ട് സി.ഐ എ. കുട്ടികൃഷ്ണന്‍ 3.798 കിലോ സ്വര്‍ണം പിടികൂടിയതും കണ്ണൂരിന്റെ ചരിത്രം.
2018 ഡിസംബര്‍ ഒമ്പത് ഞായറാഴ്ചയായിരുന്നു കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് 17ാം ദിവസമായ ഡിസംബര്‍ 25 ചൊവ്വാഴ്ചയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ആദ്യമായി സ്വര്‍ണം പിടികൂടിയത്. അന്ന് 2.292 കിലോ സ്വര്‍ണം പിടികൂടി. കോവിഡ് പ്രതിരോധവേളയില്‍ ആദ്യമായി പിടികൂടിയത് 2020 ജൂണ്‍ 20നാണ്. ആ വേളയില്‍ നിരവധി സ്ത്രീകളില്‍നിന്നും അമ്മയും മകളില്‍നിന്നും ഒരുകുടുംബത്തിലെ അംഗങ്ങളില്‍ നിന്നും വരെ സ്വര്‍ണം പിടികൂടി.
2019 ഡിസംബര്‍ 31വരെ 62.972 കിലോ സ്വര്‍ണം പിടികൂടിയപ്പോള്‍ 2020ല്‍ 57 കേസിലായി 39.053 കിലോ സ്വര്‍ണം പിടികൂടി. 2021ല്‍ 80ല്‍പരം തവണയായി 69.304 കിലോ സ്വര്‍ണം പിടികൂടിയപ്പോള്‍ 2022ല്‍ 75 തവണയായി 63.285 കിലോ സ്വര്‍ണം പിടികൂടി.
2021 ജനുവരിയില്‍ ഒന്നുമുതല്‍ മൂന്നുവരെ തുടര്‍ച്ചയായി നാലു തവണ സ്വര്‍ണം പിടിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത് അതേവര്‍ഷം മാര്‍ച്ചിലാണ്. 15 തവണയായി 9.672 കിലോ സ്വര്‍ണം പിടികൂടി. തൊട്ടുപിന്നില്‍ 2021ല്‍തന്നെ ജനുവരിയാണ്. 18 തവണയായി 9.360 കിലോ സ്വര്‍ണം പിടികൂടി.
പ്രത്യേക ഉറയില്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് കണ്ണൂരിലെ മിക്ക സ്വര്‍ണക്കടത്തും. അപൂര്‍വമായേ മറ്റുരീതിയില്‍ കടത്താന്‍ ശ്രമിച്ചിട്ടുള്ളൂ. സ്വര്‍ണത്തിനുപുറമേ ഒട്ടേറെ തവണ കോടികളുടെ മൂല്യമുള്ള യു.എസ് ഡോളര്‍, യു.എ.ഇ ദിര്‍ഹം, സൗദി റിയാല്‍, യൂറോ തുടങ്ങിയ വിദേശ കറന്‍സികള്‍, കോടികളുടെ ഹഷീഷ് ഓയില്‍, ലക്ഷങ്ങളുടെ നിരോധിത സിഗററ്റുകള്‍ എന്നിവയും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 1485 ദിവസത്തിനുള്ളില്‍ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.