കണ്ണൂർ: കത്തിയമരുന്ന കാറിനുള്ളിൽനിന്നു കൂട്ടക്കരച്ചിലായിരുന്നു. രക്ഷിക്കണേ എന്ന വിലാപവും. അന്തരീക്ഷത്തിലുയർന്ന കൂട്ടനിലവിളികൾക്കിടെ എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം തലയിൽ കൈവെച്ച് നിന്നുപോയി ചുറ്റും കൂടിനിന്നവർ. ആളിക്കത്തുന്ന തീയണക്കാൻ കണ്ടുനിന്നവർ പരക്കംപായുന്നതിനിടെ കാറിനുള്ളിൽനിന്നുള്ള ആ നിലവിളികൾ മെല്ലെയമർന്നു.
സ്വന്തം മക്കൾ കൺമുന്നിൽ വെന്തുമരിക്കുന്ന കാഴ്ചകൾക്ക് നടുവിൽ വിശ്വനാഥന്റെയും ശോഭനയുടെയും നെഞ്ചുകീറിയ നിലവിളിയും അച്ഛനെയും അമ്മയേയും തീ നാളങ്ങൾ വിഴുങ്ങുന്നതിനിടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ശ്രീ പാർവതിയും -അത്രമേൽ ഹൃദയഭേദകമായിരുന്നു വ്യാഴാഴ്ച രാവിലെ ജില്ല ആശുപത്രിക്കു സമീപത്തെ കാഴ്ച.
പൂർണ ഗർഭിണിയായ റീഷയെ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് കാറിൽ തീ പടർന്നത്. ആശുപത്രിക്ക് നൂറുമീറ്റർ അകലെയെത്തിയ കാർ അരികുചേർത്ത് നിർത്താനുള്ള സാവകാശം പോലുമുണ്ടായില്ല. തീ ആളാൻ തുടങ്ങിയതോടെ പ്രജിത്ത് പിറകിലുള്ളവരെ പുറത്തിറക്കി. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാതിൽ തുറക്കാനാകാതെ ഇരുവരും കാറിൽ കുടുങ്ങി. ഞൊടിയിടയിൽ കാറിനുള്ളിൽ തീ പടർന്നു. പുറത്തിറങ്ങിയ വിശ്വനാഥൻ കണ്ടത് അഗ്നിനാളം മകളെയും മകനേയും വിഴുങ്ങുന്നതാണ്. തലയിൽ കൈവെച്ച് കൂട്ട നിലവിളിയോടെ ഇവരെ രക്ഷിക്കാനായി നീങ്ങിയെങ്കിലും അപ്പോഴേക്കും എല്ലാം കത്തിയമർന്നിരുന്നു. തീനാളങ്ങൾക്കു മുന്നിലേക്കടുക്കാനാവാതെ കൂടി നിന്നവരും പകച്ചു. ഒരു ബക്കറ്റ് വെള്ളം പോലും കിട്ടാതെ കണ്ടുനിന്നവർ കരഞ്ഞുപോയ നിമിഷങ്ങൾ. കൂടി നിന്നവരിൽ ഒരാൾ ഓടിച്ചെന്ന് നൂറു മീറ്റർ അകലെയുള്ള ഫയർഫോഴ്സ് ഓഫിസിൽ അറിയിച്ചു. എന്നാൽ, ഫയർഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും എല്ലാം അവസാനിച്ചു.
കാറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ലെന്നും മരണവെപ്രാളത്തിനിടയിലെ അവരുടെ നിലവിളി നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂവെന്നും ദൃക്സാക്ഷികൾ പറയുന്നു. കാറിൽനിന്ന് രക്ഷപ്പെട്ട നാലുപേരെയും പൊലീസെത്തിയാണ് ജില്ല ആശുപത്രിയിലെത്തിച്ചത്. ഓടുന്ന കാറിന്റെ സ്റ്റിയറിങ് ഭാഗത്തുനിന്ന് പുകയുയർന്ന് പെട്ടെന്നാണ് തീ പടർന്നത്. നിമിഷങ്ങൾക്കകം പ്രജിത്തും ഭാര്യയും മരണത്തിന് കീഴടങ്ങി.
കണ്ണൂർ: കാറിന് തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് വിദഗ്ധ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ പറഞ്ഞു.
കത്തിയ കാറിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. ഫോറൻസിക് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അപകട കാരണത്തെപ്പറ്റി സൂചന ലഭിക്കൂ.
വാഹന വിദഗ്ധരില്നിന്നും അഭിപ്രായം ആരായും. സ്റ്റിയറിങ് ബോക്സിൽനിന്നാണ് തീ പടർന്നതെന്നും ഷോർട്ട് സർക്യൂട്ടാകാം അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃർ അറിയിച്ചു.
കണ്ണൂർ: കാറുകൾ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശം. സംസ്ഥാന ഗതാഗത കമീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്ര ഏജൻസിയായ പുണെയിലെ ഓട്ടോമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടറുമാണ് വിശദീകരണം നൽകേണ്ടതെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.