പയ്യന്നൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് അന്താരാഷ്ട്ര നിലവാരമുള്ള കളിയിടമുണ്ട്. എന്നാൽ അനുബന്ധ ഉപകരണങ്ങളില്ല. അതിനാൽ, മറ്റെവിടെനിന്നെങ്കിലും ഉപകരണങ്ങൾ എത്തിച്ചാൽ മാത്രമെ മത്സരങ്ങൾ നടത്താനാവൂ.
കേന്ദ്ര സർക്കാരിന്റെ ഖേൽ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് ഏഴു കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും വലിയ പുൽമൈതാനവും ഉണ്ടാക്കിയത്. ഇവിടുത്തെ ആദ്യ സംസ്ഥാന മത്സരമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നത്. പത്താമത് സംസ്ഥാന ആരോഗ്യ സർവകലാശാല അത് ലറ്റിക് മേളയാണ് നടന്നത്.
ഇതിനുവേണ്ട ഉപകരണങ്ങളായ ഹർഡിൽസ്, ജമ്പിങ് പിറ്റ് തുടങ്ങിയവ കണ്ണൂർ സർവകലാശാലയിൽ നിന്നാണ് മെഡിക്കൽ കോളജിലെത്തിയത്. ഇതിന് വലിയ വണ്ടി വാടക നൽകേണ്ടിവന്നു.
കളിയുപകരണങ്ങൾകൂടി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഉപകരണങ്ങൾ ഉണ്ടെങ്കിൽ ജില്ല, സംസ്ഥാനതല സ്കൂൾ, സർവകലാശാല കായിക മേളകൾ, കേരളോത്സവ കായിക മത്സരങ്ങൾ ഇവ നടത്താൻ മൈതാനം പ്രയോജനപ്പെടുത്താം. ഏഴു കോടിയോളം ചെലവിൽ നിർമിച്ച മൈതാനത്തിന് 20 ലക്ഷത്തോളം രൂപയുണ്ടെങ്കിൽ അത് ലറ്റിക് ഉപകരണങ്ങൾ വാങ്ങാമെന്ന് കായികരംഗത്തുള്ളവർ പറയുന്നു. ഇത് അനുവദിക്കാൻ സർക്കാർ നടപടി ഉണ്ടാവണമെന്ന ആവശ്യവും ശക്തമാണ്.
തുടർച്ചയായ മത്സരങ്ങളും മറ്റു കായിക മേളകളും ഇല്ലാത്തപക്ഷം ഗ്രൗണ്ടിന് ചെലവാക്കിയതും വെറുതെയാവുകയും നശിക്കുകയും ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളത്തിൽ കോഴിക്കോട്, പാലക്കാട്, കണ്ണൂർ ഗവ. മെഡിക്കൽ കോളജുകൾക്കു മാത്രമാണ് സിന്തറ്റിക് ട്രാക്കും വിശാലമായ കളിസ്ഥലവുമുള്ള മൈതാനമുള്ളത്. ഇതിൽതന്നെ ഏറ്റവും നല്ലതും ആധുനികവുമായ കളിയിടവും കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.