കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ഡിവിഷൻ ബെഞ്ചിന് വേണ്ടി ജസ്റ്റിസ് ജെ.ബി. പർദിവാലയാണ് വിധി പ്രസ്താവം നടത്തിയത്.

ബാഹ്യ ശക്തികൾക്ക് വഴങ്ങിയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചാൻസലർ എന്ന രീതിയിലാണ് വൈസ് ചാൻസലറുടെ നിയമനം ഗവർണർ നടത്തേണ്ടത്. വലിയ സമ്മർദമുണ്ടായെന്ന് ഗവർണർ തന്നെ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിയും കത്തെഴുതി. കത്തിന്‍റെ അടിസ്ഥാനത്തിലാണ് പുനർനിയമനത്തിന് അനുമതി നൽകിയതെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യ ശക്തികൾ വഴങ്ങിയിരിക്കുന്നുവെന്നും ഡിവിഷൻ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടി.

ഹരജിക്കാരുടെ അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി നാലു കാര്യങ്ങളാണ് പരിശോധിച്ചത്. ഇതിൽ മൂന്നു കാര്യങ്ങളെ കോടതി അനുകൂലിച്ചു. ഒരു വി.സിയെ പുനർനിയമിക്കാൻ സാധിക്കുമോ, യു.ജി.സി ചട്ടങ്ങൾ പുനർനിയമനത്തിന് ബാധകമാണോ, ഒരു വി.സിക്ക് 60 വയസ് എന്ന പ്രായപരിധി മറികടക്കാൻ സാധിക്കുമോ എന്നിവയാണ് പരിശോധിച്ചത്.

ഒരു വി.സിയെ പുനർനിയമിക്കാൻ സാധിക്കും, ഒരു വി.സിയുടെ പുനർനിയമനത്തിന് 60 വയസ് എന്ന പ്രായപരിധി ബാധകമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, വി.സി നിയമനത്തിൽ സ്വതന്ത്ര തീരുമാനം ഗവർണർക്ക് സ്വീകരിക്കാൻ സാധിച്ചില്ലെന്ന നാലാമത്തെ വിഷയം കോടതി ശരിവെച്ചു.

സംസ്ഥാന സർക്കാറിന്‍റെ അനാവശ്യ ഇടപെടൽ കാരണം തീരുമാനം എടുക്കൽ ഗവർണർക്ക് ദുസ്സഹമായെന്നും ഹൈകോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും ഡിവിഷൻ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടി.

ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരെ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം നടത്തിയതെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം.

ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമന ഉത്തരവിൽ ഒപ്പിടാൻ ഗവർണറുടെ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായതായും ഹരജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുനർനിയമനത്തെ സുപ്രീംകോടതിയിൽ എതിർത്തിരുന്നു.

ഹരജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ എം.പി. വിനോദ്, അതുൽ ശങ്കർ വിനോദ് എന്നിവർ ഹാജരായി.

Tags:    
News Summary - Kannur VC Dr. Gopinath Ravindran out; The Supreme Court canceled the reappointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.