കോഴിക്കോട്: സി.പി.എമ്മിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി ഇടത് സഹയാത്രികനും കൊടുവള്ളി മുൻ എം.എൽ.എയുമായ കാരാട്ട് റസാഖ്. കൊടുവള്ളി മണ്ഡലത്തിൽ താൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ സി.പി.എം പ്രാദേശിക ഘടകങ്ങളും മന്ത്രി മുഹമ്മദ് റിയാസും ചേർന്ന് അട്ടിമറിക്കുകയാണെന്ന് കാരാട്ട് റസാഖ് ആരോപിച്ചു.
സി.പി.എം ലോക്കൽ, ഏരിയ കമ്മിറ്റികളിൽ എടുത്ത തീരുമാന പ്രകാരമാണ് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത്. താൻ കൊണ്ടുവന്ന വികസനങ്ങൾ മുസ് ലിം ലീഗുമായി ചേർന്നാണ് മന്ത്രി മുഹമ്മദ് റിയാസ് അട്ടിമറിക്കുന്നത്. പല തവണ വിളിച്ചിട്ടും ഈ വിഷയത്തിൽ പരിഹാരം ഉണ്ടായില്ല. പല കാര്യങ്ങളിലും മന്ത്രി ഇടപെടുന്നു. റിയാസ് സി.പി.എമ്മിനെ ഹൈജാക്ക് ചെയ്യുകയാണ്.
താൻ ഉയർത്തിയ വിഷയങ്ങളിൽ തീരുമാനം പുനഃപരിശോധിക്കാൻ ഒരാഴ്ച അല്ലെങ്കിൽ 10 ദിവസം കാത്തുനിൽക്കുമെന്നും അല്ലാത്തപക്ഷം തന്‍റെ നിലപാട് വ്യക്തമാക്കും. വികസനം അട്ടിമറിക്കുന്നത് പുനഃപരിശോധിക്കുന്നില്ലെങ്കിൽ ഇടത് സഹയാത്രികനായി തുടരാനാവില്ല. അത്തരമൊരു സാഹചര്യത്തിലേക്ക് പാർട്ടി പോകരുതെന്നാണ് തനിക്ക് പറയാനുള്ളത്. പാർട്ടിക്ക് പരിഹരിക്കാൻ സാധിക്കുന്ന കാര്യങ്ങളാണ് താൻ മുന്നോട്ടുവെച്ചത്.
രണ്ട് പരാതികൾ താൻ സി.പി.എമ്മിന് നൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചതിനെ കുറച്ചാണ് പരാതി നൽകിയത്. ഈ പരാതിയിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും പാർട്ടിയുടെ മറുപടി ലഭിച്ചിട്ടില്ല. വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനെ കുറിച്ചായിരുന്നു തന്‍റെ രണ്ടാമത്തെ പരാതി. എന്നാൽ, ഈ പരാതിയിലും സി.പി.എമ്മിന്‍റെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി.
ഇടതുപക്ഷ സഹയാത്രികനായത് കൊണ്ട് പി.വി അൻവറിന്‍റെ സംഘടനയെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ല. അൻവർ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്‍റെ ഡി.എം.കെയിൽ ചേരുന്ന കാര്യം പരിഗണിക്കും. തന്നെ ഡി.എം.കെയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, കാത്തിരിക്കാനാണ് താൻ ആവശ്യപ്പെട്ടത്.
ഡി.എം.കെ കുറിച്ചും പഠിക്കേണ്ടതുണ്ട്. മുമ്പ് സി.പി.എമ്മിനെ കുറിച്ച് പഠിച്ച ശേഷമാണ് ഇടത് സഹയാത്രികനാകാൻ തീരുമാനിച്ചത്. ലീഗിലേക്ക് ഇനി തിരിച്ചുപോക്കില്ല. സംസ്ഥാനത്ത് നിരവധി പാർട്ടികളുണ്ട്. ആവശ്യമെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നും വാർത്താസമ്മേളനത്തിൽ റസാഖ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.