കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര, ആഭ്യന്തര സർവിസുകളുടെ പുതിയ ഷെഡ്യൂൾ നിലവിൽ വന്നു. മാർച്ച് 28 മുതൽ ഒക്ടോബർ 30 വരെയാണ് കാലാവധി. ആഴ്ചയിൽ ആഗമനവും പുറപ്പെടലും ഉൾപ്പെടെ 457 സർവിസാണ് പുതിയ ഷെഡ്യൂളിൽ.
ഇതിൽ 337 എണ്ണം അന്താരാഷ്ട്രവും 120 ആഭ്യന്തര സർവിസുകളുമാണ്. 228 പുറപ്പെടലും 229 ആഗമനവുമാണ് ആഴ്ചയിലുള്ളത്. തൊട്ടുമുമ്പുള്ള ശീതകാല ഷെഡ്യൂളിൽ 429 സർവിസുകളാണുണ്ടായിരുന്നത്. ഇക്കുറി അന്താരാഷ്ട്ര സർവിസുകളാണ് വർധിച്ചത്. എയർഇന്ത്യ കരിപ്പൂരിൽ നിന്നുള്ളത് നിർത്തിയത് ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകളെ ബാധിച്ചു.
പുതിയ ഷെഡ്യൂളിൽ ഒമാൻ എയർ മസ്കത്തിലേക്ക് അധിക സർവിസും ഇൻഡിഗോ ജിദ്ദ, ദമ്മാം സെക്ടറിലേക്ക് പുതിയ സർവിസും തുടങ്ങി. എയർഅറേബ്യ ഷാർജയിലേക്കും എയർഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നിവ ജിദ്ദയിലേക്കും സർവിസുകൾ വർധിപ്പിച്ചു. ആഴ്ചയിൽ കൂടുതൽ സർവിസ് ദുബൈയിലേക്കാണ്, 31 എണ്ണം. നേരത്തെ 37 ആയിരുന്നു.
ജിദ്ദ, മസ്കത്ത് 21 വീതം, ഷാർജ, അബൂദബി - 17, ദോഹ - 14, ബഹ്റൈൻ - 13, ദമ്മാം - 11, റിയാദ് - 11 എന്നിങ്ങനെയാണ് കരിപ്പൂരിൽ നിന്നും ആഴ്ചയിൽ പുറപ്പെടുന്ന വിമാനങ്ങളുടെ എണ്ണം. കുവൈത്ത്, റാസൽഖൈമ, അൽഐൻ, സലാല എന്നിവിടങ്ങളിലേക്കും സർവിസുകളുണ്ട്. ആഭ്യന്തര സെക്ടറിൽ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് 14 വീതവും ഡൽഹി, ഹൈദരാബാദ് ഏഴ് വീതവും മുംബൈയിലേക്ക് 11 സർവിസുകളുമാണുള്ളത്. നേരത്തെ, ഡൽഹിയിലേക്ക് 13 സർവിസുകളുണ്ടായിരുന്നു. കരിപ്പൂരിൽ നിന്നും ആഴ്ചയിൽ പുറപ്പെടുന്ന 228 സർവിസുകളിൽ 79 ഉം എയർഇന്ത്യ എക്സ്പ്രസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.