മലപ്പുറം: വലിയ വിമാനങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ് തുടർന്ന് കരിപ്പൂർ വിമാനത്താവളം. അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കരിപ്പൂർ. മറ്റ് ആറ് വിമാനത്താവളങ്ങളിലും വലിയ സർവിസുകളും കൂടുതൽ വിമാനങ്ങൾക്ക് പാർക്കിങ്ങിന് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. ഇതൊന്നുമില്ലാതെയാണ് യാത്രികരുടെ പ്രിയപ്പെട്ട വിമാനത്താവളമായി കരിപ്പൂർ മുന്നേറുന്നത്.
കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 24,17,592 പേരാണ് കരിപ്പൂർ വഴി യാത്ര ചെയ്തത്. ഇതിൽ 19,47,633 പേരും അന്താരാഷ്ട്ര യാത്രികരാണ്. പൊതുമേഖലയിൽ വിമാനത്താവള അതോറിറ്റിക്ക് കീഴിലുള്ള വിമാനത്താവളങ്ങളിൽ കൊൽക്കത്ത മാത്രമാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിന് മുന്നിലുള്ളത്.
ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവയാണ് മറ്റുള്ളവ. ഇവിടെയെല്ലാം വലിയ വിമാനങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. എന്നാൽ, കരിപ്പൂരിൽ നിലവിൽ കോഡ് ‘സി’യിലുള്ള പരമാവധി 180 മുതൽ 220 വരെ യാത്രികരെ ഉൾക്കൊള്ളുന്ന വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. കൂടാതെ, മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി ഗൾഫ് സെക്ടറിൽ മാത്രമാണ് അന്താരാഷ്ട്ര സർവിസുള്ളത്. മലേഷ്യ, സിംഗപ്പൂർ സെക്ടറിൽ സർവിസ് ആരംഭിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തുടങ്ങിയിട്ടില്ല.
മറ്റ് മൂന്ന് വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് ആഭ്യന്തര സർവിസുകളുള്ളത് കരിപ്പൂരിലാണ്. കരിപ്പൂരിൽ ഡിസംബറിൽ 539 ആഭ്യന്തര സർവിസുകളാണ് നടന്നത്.
കണ്ണൂരിൽ 570 ആണ്. കൊച്ചിയിൽ 3,359 ഉം തിരുവനന്തപുരത്ത് 1,568ഉം. എന്നാൽ, സർവിസുകൾ കുറവാണെങ്കിലും യാത്രികരുടെ എണ്ണത്തിൽ കണ്ണൂരിനെക്കാൾ മുന്നിലാണ് കരിപ്പൂർ. ഡിസംബറിൽ കണ്ണൂർ വഴി 41,918 പേരാണ് ആഭ്യന്തര സെക്ടറിൽ യാത്ര ചെയ്തത്. എന്നാൽ, കരിപ്പൂരിൽ 57,388 പേരും. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 4,69,959 പേരാണ് കരിപ്പൂർ വഴി പുറപ്പെട്ട ആഭ്യന്തരയാത്രികർ.
ഇൻഡിഗോയുടെ ദമ്മാം സർവിസ് വീണ്ടും പുനരാരംഭിക്കുന്നു. മാർച്ച് 21 മുതലാണ് പ്രതിദിനസർവിസ്. രാവിലെ 8.05ന് (പ്രാദേശിക സമയം) കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 10.30നാണ് ദമ്മാമിലെത്തുക. പുലർച്ചെ 12.15ന് ദമ്മാമിൽനിന്ന് പുറപ്പെട്ട് രാവിലെ 6.55നാണ് കരിപ്പൂരിലെത്തുക. എയർഇന്ത്യ എക്സ്പ്രസിന്റെ പുതിയ ആഭ്യന്തര സർവിസ് അടുത്ത ആഴ്ച തുടങ്ങും.
മുംബൈ സെക്ടറിൽ ഫെബ്രുവരി 22 മുതലാണ് പ്രതിദിന സർവിസ് തുടങ്ങുന്നത്. ഉച്ചക്ക് 1.10ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ട് 2.50നാണ് മുംബൈയിലെത്തുക. രാത്രി 10.50നാണ് മുംബൈയിൽനിന്ന് പുറപ്പെടുക. പുലർച്ചെ 12.40ന് കരിപ്പൂരിലെത്തും. ഇതോടെ കോഴിക്കോട് - മുംബൈ സെക്ടറിൽ ദിനേന മൂന്ന് സർവിസുകളാകും. നിലവിൽ ബംഗളൂരുവിലേക്ക് മൂന്നും ചെന്നൈയിലേക്ക് രണ്ടും പ്രതിദിന സർവിസുകളുണ്ട്. ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലേക്ക് ഓരോന്നും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.