എസ്. സുരേഷ്‌

കരിപ്പൂർ വിമാനത്താവള വികസനത്തിന് വേഗം പകർന്ന് ഡയറക്ടര്‍ എസ്. സുരേഷ് ഇന്ന് പടിയിറങ്ങും

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഊർജവും വേഗവും പകര്‍ന്ന ചാരിതാര്‍ഥ്യത്തില്‍ എസ്. സുരേഷ് ശനിയാഴ്ച ഡയറക്ടര്‍ പദവിയില്‍ നിന്ന് വിരമിക്കും. 2022 മേയ് ആറിന് വിമാനത്താവള ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം രണ്ടു വര്‍ഷവും നാലു മാസവും നീണ്ട സേവനത്തിനിടെ വ്യോമയാന രംഗത്തെ കരിപ്പൂരിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് പടിയിറങ്ങുന്നത്.

2020 ആഗസ്റ്റ് ഏഴിനുണ്ടായ വിമാനദുരന്ത ശേഷം കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട റെസ വിപുലീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കാനായതാണ് എസ്. സുരേഷ് ഡയറക്ടറായിരിക്കുമ്പോള്‍ കൈവരിച്ച പ്രധാന നേട്ടം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയതോടെ ആരംഭിച്ച വിപുലീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. വലിയ വിമാന സര്‍വിസിന് അനുമതിയായിട്ടില്ലെങ്കിലും കൂടുതല്‍ കമ്പനികളെ കരിപ്പൂരിലേക്ക് അടുപ്പിക്കാനും പുതിയ ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകള്‍ ആരംഭിക്കാനും അദ്ദേഹത്തിനായി. മലേഷ്യയിലേക്കും ലക്ഷദ്വീപിലേക്കും നേരിട്ട് സര്‍വിസ് ആരംഭിക്കാനായതിലും ആഭ്യന്തര ടെര്‍മിനല്‍ നവീകരണം സാധ്യമാക്കിയതിലും പ്രധാന പങ്കുവഹിച്ചു.

തിരുപ്പതി വിമാനത്താവള ഡയറക്ടറായിരിക്കെ കരിപ്പൂരിലെത്തിയ ആന്ധ്രപ്രദേശ് സ്വദേശിയായ ശേഷാദ്രിവാസം സുരേഷ് ആഭ്യന്തര കാര്‍ഗോയുള്‍പ്പെടെയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കിയാണ് മടങ്ങുന്നത്. കരിപ്പൂരിലെ എന്‍ജിനീയറിങ് വിഭാഗം ജനറല്‍ മാനേജര്‍ സി.വി. രവീന്ദ്രനാണ് ശനിയാഴ്ച മുതല്‍ ഡയറക്ടറുടെ താൽക്കാലിക ചുമതല.



Tags:    
News Summary - Karipur Airport Development Director S. Suresh will step down today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.