കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണന തുടരുമ്പോഴും സ്വകാര്യ പങ്കാളിത്തത്തിൽ ആരംഭിക്കുന്നവർക്ക് ചട്ടങ്ങളിലും നടപടിക്രമങ്ങളിലും ഇളവ്. സൗദി എയർലൈൻസ് കരിപ്പൂരിൽനിന്ന് സർവിസ് നടത്തുന്നതിന് തയാറായി രംഗത്ത് എത്തിയിട്ടും നടപടിക്രമങ്ങൾ മനഃപൂർവം വൈകിക്കുന്നതിനിടെയാണ് പുതിയ വിമാനത്താവളങ്ങൾക്ക് വിദേശ സർവിസുകൾ നടത്തുന്നതിന് ഇളവ് നൽകാമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്.
ഒന്നര മാസം മുമ്പാണ് സൗദിയ കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് സർവിസ് നടത്തുന്നതിനായി വിമാനത്താവള അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസിനായി കഴിഞ്ഞ ജനുവരിയിൽ കരിപ്പൂരിൽനിന്ന് നൽകിയ വിശദ റിപ്പോർട്ടിനെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലായിരുന്നു സർവിസിന് തയാറായി രംഗത്ത് എത്തിയത്. ഡി.ജി.സി.എയിലെ ഫ്ലൈറ്റ് ഓപറേറ്റിങ് ഇൻസ്പെക്ടറാണ് സൗദിയയോട് പുതിയ നടത്തിപ്പ് ക്രമം ആവശ്യപ്പെട്ടത്.
റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒന്നര മാസമായി അതോറിറ്റി ആസ്ഥാനത്ത് ഉന്നത മലയാളി ഉദ്യോഗസ്ഥൻ ഫയൽ പിടിച്ചുവെച്ചിരിക്കുകയാണ്. നിരവധി പ്രവാസികൾ ജോലിചെയ്യുന്ന ജിദ്ദയിലേക്ക് കരിപ്പൂരിൽനിന്ന് നേരിട്ട് സർവിസ് നടത്തുന്നതിനായി വിദേശകമ്പനി എത്തിയിട്ടും കടുത്ത അവഗണനയാണ് അധികൃതരുെട ഭാഗത്തുനിന്നുള്ളത്. എന്നാൽ, പ്രശ്നം പരിഹരിക്കുന്നതിന് ഒരു ഇടപെടലും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിയുടെ ചുമതലയുള്ള സുരേഷ് പ്രഭുവിനെ കണ്ടപ്പോഴും ഈ വിഷയം ചർച്ച െചയ്തില്ല. പകരം ഭൂമി ഏറ്റെടുക്കൽ വിഷയമാണ് ചർച്ചയായത്. നിലവിൽ കരിപ്പൂരിലെ ഭൂമി ഏറ്റെടുക്കൽ ഏകദേശം നിലച്ച മട്ടാണ്. അതോറിറ്റിയോട് ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ട് മാസങ്ങളായെങ്കിലും അവർ നൽകിയിട്ടില്ല.
ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുക എന്നതാണ് പ്രധാന വിഷയമെന്നിരിക്കെ കരിപ്പൂരിനെ തരം താഴ്ത്തിയെന്ന പ്രചാരണവും നടക്കുന്നുണ്ട്. അഗ്നിശമന സേനയുടെ കാറ്റഗറി മാത്രമാണ് എട്ടിൽനിന്ന് ഏഴിലേക്ക് മാറ്റിയത്. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ കാറ്റഗറി ഒമ്പതിലേക്ക് ഉയരും. അതിന് സൗദിയക്ക് സർവിസ് നടത്തുന്നതിന് അനുമതി ലഭിച്ചാൽ മതി.
എന്നാൽ, കരിപ്പൂരിനെ തരം താഴ്ത്തിയെന്ന രീതിയിൽ അനാവശ്യ സമരത്തിനായിരുന്നു സി.പി.എം അടക്കമുള്ളവർ രംഗത്തുവന്നത്. പ്രധാനപ്പെട്ട വിഷയമായ ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇൗ പാർട്ടികളൊന്നും രംഗത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.