ആഭ്യന്തര യാത്രക്കാരിൽ കണ്ണൂരിനെ മറികടന്ന്​ കരിപ്പൂർ; അന്താരാഷ്​ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാമത്​

കരിപ്പൂർ: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂരിനെ മറികടന്ന്​ കോഴിക്കോട്​ വിമാനത്താവളം. കോവിഡ്​ പശ്ചാത്തലത്തിൽ നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കെയാണ്​ ആഭ്യന്തര യാത്രക്കാരിൽ കോഴിക്കോട്​ നേട്ടമുണ്ടാക്കിയത്​.

ഏറെ മാസങ്ങൾക്കുശേഷമാണ്​ കണ്ണൂരിനെക്കാളും കുറഞ്ഞ സർവിസുകൾ നടത്തി കൂടുതൽ യാത്രക്കാരുമായി കരിപ്പൂർ മുന്നിലെത്തിയത്​. കൂടാതെ, കോവിഡിനുശേഷം ആദ്യമായി ഒരുമാസം ഒരുലക്ഷത്തിന്​ മുകളിൽ അന്താരാഷ്​ട്ര യാത്രക്കാരും കഴിഞ്ഞ ജനുവരിയിൽ കരിപ്പൂർ വഴി സഞ്ചരിച്ചു. ഇതോടെ, രാജ്യത്ത്​ അന്താരാഷ്​ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂർ​ നാലാമതാണ്​.

കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ സംസ്ഥാന സർക്കാറും കിയാലും നിരവധി ഇളവുകൾ നൽകിയതിനെ തുടർന്ന്​ ആഭ്യന്തര സർവിസിലും യാത്രക്കാരുടെ എണ്ണത്തിലും കരിപ്പൂരിനെ മറികടന്നിരുന്നു. 2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വിമാന കമ്പനികളുടെ യോഗത്തി​െൻറ അടിസ്ഥാനത്തിൽ പുതുതായി 39 സർവിസുകൾ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് തുടങ്ങി. ഇവയിൽ ഒന്നുപോലും കരിപ്പൂരിന്​ ലഭിച്ചിരുന്നില്ല. ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടന്നാണ്​ കരിപ്പൂർ ആഭ്യന്തര സർവിസിൽ നേട്ടമുണ്ടാക്കിയത്​.

ജനുവരിയിൽ കരിപ്പൂരിൽ 456 സർവിസുകളിൽനിന്നായി 28,867 ആഭ്യന്തര യാത്രക്കാരാണ്​ ഉണ്ടായിരുന്നത്​. കണ്ണൂരിൽ ഇതേസമയം 507 സർവിസുകൾ നടത്തിയിട്ടും 27,889 പേരാണ്​ യാത്ര ചെയ്​തത്​.

ആഭ്യന്തര യാത്രക്കാർക്കൊപ്പം അന്താരാഷ്​ട്ര സർവിസിലും ജനുവരിയിൽ കരിപ്പൂരിന്​ നേട്ടമുണ്ടാക്കാനായി. വലിയ വിമാനങ്ങൾ അടക്കം കൂടുതൽ സർവിസ്​ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്​ അടക്കമുള്ള രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളിൽ ഉണ്ടായിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ കുറഞ്ഞ സർവിസുകളുമായി കരിപ്പൂരിന്​ ഇവയെ മറികടക്കാനായി.

കരിപ്പൂരിന്​ മുന്നിൽ ഡൽഹി, മുംബൈ, കൊച്ചി വിമാനത്താവളങ്ങൾ മാത്രമാണുള്ളത്​. 750 അന്താരാഷ്​ട്ര സർവിസുകളിൽ നിന്നായി 1,11,139 പേരാണ്​ ജനുവരിയിൽ കരിപ്പൂർ വഴി സഞ്ചരിച്ചത്​. കൊച്ചിയിൽ 1009 സർവിസിൽ നിന്നായി 1,38,173 യാത്രക്കാർ, മുംബൈയിൽ 2,642 സർവിസിൽ നിന്നായി 1,77,974 യാത്രക്കാരുമാണുണ്ടായിരുന്നത്​. 4.44 ലക്ഷം യാത്രക്കാരുള്ള ഡൽഹിയാണ്​ ഒന്നാമത്​. 

Tags:    
News Summary - Karipur overtakes Kannur in domestic passengers; Fourth in international passenger traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.