കോഴിക്കോട്: നിപ ബാധിച്ച് മരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരനെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ കാലതാമസമുണ്ടായതായി ആക്ഷേപം. ഐസൊലേഷൻ വാർഡ് ഒരുക്കാൻ പൂട്ടുപൊളിക്കേണ്ടിവന്നു. ഇതുമൂലം രോഗിയെ അരമണിക്കൂറോളം ആംബുലൻസിൽ കിടത്തേണ്ടി വന്നു എന്നാണ് വിമർശനം.
കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ പേവാർഡാണ് ഐസൊലേഷൻ വാർഡാക്കി സജ്ജമാക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇതിന്‍റെ താക്കോൽ കിട്ടാൻ വൈകി. ഇതേതുടർന്ന് പൂട്ട് പൊളിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഐസൊലേഷൻ വാർഡ് ആയി ഉപയോഗിച്ച ഇവിടെ ഏറെക്കാലമായി പൂട്ടിക്കിടക്കുകയായിരുന്നു.
എന്നാൽ, വാർഡ് ഒരുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുന്നത്. താക്കോൽ കണ്ടുപിടിക്കാൻ സമയം എടുക്കേണ്ട എന്ന് കരുതി പെട്ടെന്ന് പ്രവേശിക്കാൻ വേണ്ടിയും വൃത്തിയാക്കാനും പൂട്ടുപൊളിച്ചു എന്നുള്ളത് സത്യമാണ്. എന്നാൽ, രോഗി എത്തി 10 മിനിറ്റിനകം തന്നെ പ്രവേശിപ്പിച്ചിട്ടുണ്ട് -സൂപ്രണ്ട് പറഞ്ഞു.
ജൂലൈ 10നാണ് 14കാരന് പനി ബാധിച്ചത്. 12ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.