മലപ്പുറം: പരസ്പരം ഭയന്ന മഹാമാരിക്കാലത്തെ ഒരു രാത്രിയിൽ കരിപ്പൂരിൽ വന്നുവീണ വിമാനത്തിൽനിന്ന് അനേകം മനുഷ്യരെ ജീവന്റെ വെളിച്ചത്തിലേക്ക് വാരിയെടുത്ത് ഓടിയ കൊണ്ടോട്ടിയുടെ നന്മനനഞ്ഞ മണ്ണിലേക്ക് അവർ തിരിച്ചുവരുന്നു. സ്വജീവൻ പണയപ്പെടുത്തി തങ്ങളെ രക്ഷിച്ച കൊണ്ടോട്ടിയിലെയും പരിസരത്തെയും രക്ഷാപ്രവർത്തകർക്ക് സ്നേഹസമ്മാനവുമായാണ് ആ വരവ്. 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽ പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മ കൊണ്ടോട്ടിക്കാരുടെ സർക്കാർ ആശുപത്രിക്ക് കെട്ടിടം നിർമിച്ചുനൽകുകയാണ്. 50 ലക്ഷം രൂപ ചെലവിൽ കൊണ്ടോട്ടി ചിറയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിനാണ് പുതിയ കെട്ടിടം നിർമിച്ചുനൽകുകയെന്ന് എം.ഡി.എഫ് വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഇടക്കുനി അബ്ദുറഹ്മാൻ 'മാധ്യമ'ത്തോട് പറഞ്ഞു. നഷ്ടപരിഹാരമായി ലഭിച്ച പണത്തിൽനിന്ന് എല്ലാവരും നൽകുന്ന തുക ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുക.
കോവിഡിന്‍റെ തുടക്കത്തിൽ വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് പൈലറ്റ്, കോപൈലറ്റ് എന്നിവരുൾപ്പെടെ 21 പേർക്ക് ജീവൻ നഷ്ടമായിരുന്നു. 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊണ്ടോട്ടിയിലെയും പരിസരപ്രദേശത്തെയും നിരവധി പേരാണ് നിമിഷങ്ങൾക്കകം ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനും മരണനിരക്ക് കുറക്കാനുമെല്ലാം സഹായകരമായത് അന്നത്തെ രക്ഷാപ്രവർത്തനമായിരുന്നു. കൊണ്ടോട്ടിക്കാർക്ക് മൊത്തം ഉപകാരപ്പെടുന്ന രീതിയിലാണ് സർക്കാർ ആശുപത്രിക്ക് കെട്ടിടം നിർമിച്ചുനൽകാൻ തീരുമാനിച്ചത്. അപകടത്തിന്‍റെ രണ്ടാം വാർഷികദിനത്തിൽ വിമാനാപകട സ്ഥലത്ത് ചേരുന്ന സംഗമത്തിൽ എം.ഡി.എഫ് ചാരിറ്റി ഫൗണ്ടേഷൻ ധാരണപത്രം ജില്ല മെഡിക്കൽ ഓഫിസർക്ക് കൈമാറും. ഞായറാഴ്ച രാവിലെ 10ന് അപകടം നടന്ന സ്ഥലത്താണ് സംഗമം. മന്ത്രി വി. അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.