കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി സർവിസുകൾ പുനഃക്രമീകരിച്ചു. ജനുവരി 15 മുതലാണ് പ്രവൃത്തി തുടങ്ങുന്നത്. പകൽ 10 മുതൽ വൈകീട്ട് ആറു വരെ വിമാന സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആറു മാസത്തേക്കാണ് റൺവേ പകൽ സമയങ്ങളിൽ അടക്കുകയെന്ന് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് അറിയിച്ചു. ഈ സമയത്തുള്ള സർവിസുകളാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.
നിലവിൽ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ മാത്രമാണ് ഈ സമയത്തുള്ളത്. ബാക്കിയുള്ള വിമാനങ്ങളെല്ലാം കഴിഞ്ഞ ശീതകാല ഷെഡ്യൂൾ സമയത്ത് പുനഃക്രമീകരിച്ചിരുന്നു.
ആഴ്ചയിൽ ആറു ദിവസമുള്ള എയർഇന്ത്യ ഡൽഹി സർവിസിന്റെ സമയമാണ് മാറ്റിയിരിക്കുന്നത്. ഇപ്പോൾ 10.50നാണ് വിമാനം കരിപ്പൂരിൽനിന്ന് പുറപ്പെടുന്നത്. ജനുവരി 14 മുതൽ ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ 9.30നും വെള്ളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ 8.55നുമാണ് പുറപ്പെടുക. സലാം എയറിന്റെ സലാല സർവിസിന്റെയും സമയം മാറ്റിയിട്ടുണ്ട്. നിലവിൽ പുലർച്ച 4.40ന് സലാലയിൽനിന്നു പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തുന്ന വിമാനം 11നാണ് മടങ്ങുന്നത്. ജനുവരി 17 മുതൽ പുലർച്ച 2.35ന് പുറപ്പെട്ട് 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിലാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.