ഫോട്ടോ: അരവിന്ദ് ലെനിൻ

ഭാവം ലാസ്യം, നടനം മോഹനം; ചിലങ്കയണിഞ്ഞ് കലാകൗമാരം

തിരുവനന്തപുരം: കാൽചിലങ്ക കിലുക്കിയെത്തിയ നർത്തകിമാർ ലാസ്യ ഭാവങ്ങളിൽ ആടിത്തിമിർത്തപ്പോൾ അവധിദിനത്തിന്‍റെ ആലസ്യത്തിലും കലോത്സവനഗരയിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം. ഭരതനാട്യവും കുച്ചുപ്പുടിയും കേരളനടനവും തിരുവാതിരക്കളിയും ഒപ്പനയും മോഹിനിയാട്ടവും ഉൾപ്പെടെ നൃത്തയിനങ്ങൾ വേദി കീഴടക്കിയ രണ്ടാം ദിനത്തിൽ 63ാമത് സ്കൂൾ കലോത്സവത്തിന്‍റെ വേദികൾ പോലും ചിലങ്കയണിഞ്ഞു. 409 പോയിന്‍റുമായി മുന്നിൽ മുൻവർഷ ജേതാക്കളായ കണ്ണൂർ ജില്ല തന്നെ. ഒട്ടും വിട്ടുകൊടുക്കാനില്ലാതെ തൊട്ടുപിന്നിൽതന്നെയുണ്ട് 408 പോയിന്‍റുമായി അയൽക്കാരായ കോഴിക്കോട്. 400 പോയിന്‍റുമായി പാലക്കാടാണ് മൂന്നാമത്.

രണ്ടാംദിനം നഗരമുണർന്നത് ചിലങ്കയൊലി കേട്ടാണ്. നടനവൈഭവങ്ങളിൽ സദസ്യർ മതിമറന്നപ്പോൾ വേദികളിൽ മത്സരവും കടുത്തു. ഒന്നാംവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി-നിളയിൽ കാലുകുത്തിയവരെല്ലാം നർത്തകരായി. മണ്ണിലും മനസ്സിലും ഒരേപോലെ മോഹനനടനം.


ഫോട്ടോ: ബൈജു കൊടുവള്ളി


 

കാലം കലയോട് മാപ്പുചോദിച്ചതിനും ഈ കലോത്സവവേദി സാക്ഷ്യം വഹിച്ചു. ചരിത്രത്തിലാദ്യമായി ഗോത്രകലകൾ കലോത്സവത്തിന്‍റെ ഭാഗമാക്കിയപ്പോൾ ഇന്ന് നിശാഗന്ധിയിൽ പണിയ നൃത്തത്തിന്‍റെ ചടുലതാളമായിരുന്നു. ഇന്നലെ മംഗലംകളിയും അരങ്ങേറിയിരുന്നു. ഇത്രയും കാലം നിങ്ങളെന്തേ മാറ്റിനിർത്തിയത് എന്ന ചോദ്യത്തിന് കാലം കലയോട് മാപ്പ് ചോദിച്ചു.

സ്കൂളുകളുടെ പോയിന്‍റ് പട്ടികയിൽ 60 പോയിന്‍റോടെ പാലക്കാട് ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് ഒന്നാമത്. 53 പോയിന്‍റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതുണ്ട്. കണ്ണൂർ സെന്‍റ് തെരേസാസ് സ്കൂളാണ് മൂന്നാമത് -51 പോയിന്‍റ്.

വിവിധ വിഭാഗങ്ങളിലായി 60 ഇനങ്ങളിലാണ് ഇന്ന് മത്സരം നടന്നത്. ഇതോടെ കലോത്സവത്തിലെ ആകെ 249 ഇനങ്ങളിൽ 109 ഇനങ്ങൾ പൂർത്തിയായി. തിങ്കളാഴ്ച ഹൈസ്കൂൾ തിരുവാതിരക്കളി, ഹൈസ്കൂൾ കോൽക്കളി, ഹൈസ്കൂൾ ആൺകുട്ടികളുടെ ഭരതനാട്യം, ഹൈസ്കൂൾ പരിചമുട്ട് മുതലായവ നടക്കും. വിശദമായ ഷെഡ്യൂളിന് കലോത്സവ വെബ്സൈറ്റ് സന്ദർശിക്കാം.

63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നലെയാണ് പ്രധാനവേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാങ്കമായ സ്കൂൾ കലോത്സവത്തിൽ 25 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുക. അഞ്ചുനാൾ നീളുന്ന കലോത്സവത്തിന് എട്ടിനാണ് സമാപനം. 

Tags:    
News Summary - Kerala State School Kalolsavam 2025 point updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.