കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിങ് പ്രവൃത്തി ജനുവരി 15 മുതൽ നടക്കും. പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയായി. ഡൽഹി ആസ്ഥാനമായ എൻ.എസ്.സി കമ്പനിക്കാണ് കരാർ ലഭിച്ചിരിക്കുന്നത്.
56 കോടി രൂപക്കാണ് ഇവർ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ടെൻഡർ നടപടി പൂർത്തീകരിച്ചതോടെ പ്രവൃത്തി ആരംഭിക്കാനുള്ള നോട്ടാം (നോട്ടീസ് ടു എയർമാൻ) ഉടൻ പ്രഖ്യാപിക്കും. 65 കോടിക്കായിരുന്നു വിമാനത്താവള അതോറിറ്റി ടെൻഡർ വിളിച്ചിരുന്നത്. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി എൻ.എസ്.സി കമ്പനി പ്രതിനിധികൾ കരിപ്പൂരിലെത്തി പരിശോധന നടത്തിയിരുന്നു. ജനുവരി 15 മുതൽ 11 മാസമാണ് പ്രവൃത്തി പൂർത്തീകരിക്കാനുള്ള സമയം. പ്രവൃത്തിക്ക് രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് റൺവേ അടക്കുക. ഈ സമയത്ത് സർവിസുകളുണ്ടാകില്ല. റൺവേ റീകാർപറ്റിങ്ങും സെന്റർലൈൻ ലൈറ്റിങ് സംവിധാനം ഒരുക്കലുമാണ് പ്രധാന ജോലി.
സെന്റർ ലൈൻ ലൈറ്റിങ് സംവിധാനം ഒരുക്കാൻ വിമാനാപകടം അന്വേഷിച്ച സമിതി നിർദേശിച്ചിരുന്നു. മറ്റ് വിമാനത്താവളങ്ങളിലെല്ലാം റൺവേ റീകാർപറ്റിങ് പ്രവൃത്തി കുറഞ്ഞ മാസങ്ങൾക്കകം പൂർത്തീകരിച്ചിരുന്നു. കരിപ്പൂരിൽ നിലവിൽ മൺസൂണിലെ രണ്ടുമാസം ഉൾപ്പെടെ 11 മാസമാണ് അനുവദിച്ചത്. റീകാർപറ്റിങ് പ്രവൃത്തിയോടൊപ്പം റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടുന്ന പ്രവൃത്തിയും ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകാത്തത് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.