പയ്യന്നൂർ: ജന്മിനാടുവാഴിത്തത്തിെൻറ ദയാരഹിത ഭരണത്തോടും സാമ്രാജ്യത്വ അധിനിവേശത്തോടും ഏറ്റുമുട്ടിയ ഗ്രാമീണ കർഷകരുടെ സമരഗാഥക്ക് 75 ആണ്ട്. അധികാര ക്രൗര്യങ്ങൾക്കുനേരെ കർഷകർ നെഞ്ചുവിരിച്ച് പോരാടിയ കരിവെള്ളൂർ പ്രക്ഷോഭത്തിന് അധികസമാനതകളില്ല.
സമരത്തിൽ പങ്കെടുത്തവർക്കെതിരെ ദയാദാക്ഷിണ്യമില്ലാതെയാണ് എം.എസ്.പിയുടെ തോക്കുകൾ തീതുപ്പിയത്. അധികൃതർ മരണമുറപ്പിച്ച സമരനായകൻ എ.വി. കുഞ്ഞമ്പുവിനെ പച്ചോലയിൽ പൊതിഞ്ഞുകെട്ടിയാണ് പയ്യന്നൂർ പൊലീസ് സ്േറ്റഷനിലേക്ക് കൊണ്ടുപോയത്.
രണ്ടാം ലോകയുദ്ധം നാട്ടിൽ വിതച്ചത് കൊടും പട്ടിണിയും ദുരിതവും. എന്നാൽ, ജന്മിമാർ വാരവും പാട്ടവും കുറക്കാൻ തയാറായില്ല. മാത്രമല്ല, ചിറക്കൽ തമ്പുരാൻ പൊലീസിെൻറയും ഗുണ്ടകളുടെയും സഹായത്താൽ നെല്ല് കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനെതിരായ ചെറുത്തുനിൽപാണ് വയലുകളിൽ ചോരച്ചാലുകൾ തീർത്തത്. 1946 ഡിസംബർ 20ന് പൊലീസ് നരനായാട്ട് രക്തപങ്കിലമായ കർഷകസമരമായി ചരിത്രത്തെ ചുവപ്പിച്ചു. ഡൽഹിയിലെ കർഷകരുടെ മഹാവിജയ വർഷത്തിലാണ് കരിവെള്ളൂർ സമരജ്വാലക്ക് 75 വർഷം പൂർത്തിയാവുന്നത്.
ഈ സമരത്തിന് നേതൃത്വം നൽകാനും ഒരു കരിവെള്ളൂരുകാരനുണ്ട്. ഒന്നരലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി രംഗത്തിറങ്ങിയ ഡോ. വിജു കൃഷ്ണൻ. രക്തസാക്ഷിത്വത്തിെൻറ ഒരുവർഷം നീളുന്ന 75ാം വാർഷിക ദിനാചാരണ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമായി. വൈകീട്ട് രക്തസാക്ഷി നഗറിൽ സംഘാടക സമിതി ചെയർമാൻ ഇ.പി. കരുണാകരൻ പതാകയുയർത്തി. 'നവകാലവും മാധ്യമ സംസ്കാരവും' വിഷയത്തിൽ മാധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ പ്രഭാഷണം നടത്തി.
രക്തസാക്ഷി ദിനമായ 20ന് രാവിലെ ഏഴിന് കുണിയൻ സമരഭൂമിയിൽ കെ. നാരായണൻ പതാകയുയർത്തും. വൈകീട്ട് നാലിന് ഓണക്കുന്ന് കേന്ദ്രീകരിച്ച് ബഹുജന പ്രകടനം ഉണ്ടാവും. പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി പി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. 2022 ഡിസംബർ 20വരെ കലാ സാംസ്കാരിക സമ്മേളനം, യുവജന- മഹിള ട്രേഡ് യൂനിയൻ, കർഷക സമ്മേളനങ്ങൾ, ചരിത്ര സദസ്സുകൾ, സെമിനാറുകൾ, കലാകായിക മത്സരങ്ങൾ എന്നിവയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.