മാനന്തവാടി (വയനാട്): കർണാടകയിലേക്ക് പോയ മലയാളി കര്‍ഷകരുടെ ദേഹത്ത് കർണാടക അധികൃതര്‍ ചാപ്പ കുത്തിയതായി പരാതി. ബാവലി ചെക് പോസ്റ്റില്‍ വെച്ച് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം ചാപ്പ കുത്തിയത്. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കർണാടക ഏഴ് ദിവസത്തെ ക്വാറന്‍റീൻ ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായാണ് ചാപ്പയടിക്കുന്നതെന്ന് കർഷകർ പറഞ്ഞു. വോട്ടിങ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളില്‍ സീല്‍ പതിപ്പിച്ച് കടത്തി വിടുന്നത്.
ശരീരത്തില്‍ ഇത്തരത്തില്‍ ചാപ്പയടിച്ച് വിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പരാതി ഉയർന്നതിനു പിന്നാലെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വയനാട് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല മൈസൂര്‍ ഡപ്യൂട്ടി കമീഷണറെ ബന്ധപ്പെട്ടു. ചാപ്പ കുത്തല്‍ നിര്‍ത്താന്‍ മൈസൂര്‍ ജില്ല ഭരണകൂടം നിർദേശം നല്‍കി.
നിരവധി മലയാളികള്‍ കൃഷിക്കായി കർണാടകയെ ആശ്രയിക്കുന്നുണ്ട്. ഇഞ്ചികൃഷിക്കാരാണ് കൂടുതലും. ഇവരിൽ പലരും ദിനേന വയനാട് ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളിലൂടെ കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്തു വരുന്നു. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തുനിന്ന് അതിർത്തി കടന്നെത്തുന്നവർക്ക് കർണാടക കർശന നിയന്ത്രണങ്ങളാണ് ഏർപെടുത്തുന്നത്. കേരളത്തിൽ നിന്നെത്തുന്നവർ ഒരാഴ്ച ക്വാറന്‍റീനിൽ കഴിയണമെന്നതടക്കമുള്ള നിയന്ത്രണങ്ങളാണുള്ളത്. ഇതിനിടയിലാണ് ചാപ്പകുത്തൽ നടന്നത്. അതേസമയം, അതിര്‍ത്തി കടക്കുന്നവര്‍ കർണാടക സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകാരമുള്ള ക്വാറന്‍റീൻ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും വയനാട് കലക്ടര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.