തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാൻ 35 കോടി രൂപ അടിയന്തരമായി ബാങ്കിന് നല്‍കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്കില്‍ നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 10 കോടി രൂപയുമാണ് ഇതിനായി ലഭ്യമാക്കുക. ചികിത്സക്ക് പണമില്ലാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് നൽകാനുള്ള തുക പൂർണമായും ശനിയാഴ്ച വീട്ടിലെത്തിക്കും.
കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുക. ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണവും മറ്റു ബാധ്യതകളില്‍പെടാത്ത സ്ഥാവര വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നല്‍കുന്നത്. ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ സഹകരണ വകുപ്പിന്റെ ജില്ലതല ഉദ്യോഗസ്ഥരും ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയും സ്വീകരിച്ചിട്ടുണ്ട്. അടിയന്തരമായി തുക തിരികെ നൽകേണ്ടവരുടെ കണക്കെടുത്തത് പ്രകാരം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയാണ് 35 കോടി രൂപ ആവശ്യമാണെന്ന് സർക്കാറിനെ അറിയിച്ചത്.
ബാങ്കില്‍ ആകെ നിക്ഷേപം 284.61 കോടി രൂപയും പലിശ കൊടുക്കാനുള്ളത് 10.69 കോടി രൂപയുമാണ്. കാലാവധി എത്തിയ നിക്ഷേപം 142.71 കോടി രൂപയാണ്. സംഘത്തിന് വായ്പ ബാക്കിനില്പ് 368 കോടി രൂപയും പലിശ ലഭിക്കാനുള്ളത് ബാക്കിനില്പ് 108.03 കോടി രൂപയുമാണ്. ഇപ്രകാരം 476 കോടി രൂപ സംഘത്തിന് ഈ ഇനത്തില്‍ പിരിഞ്ഞുകിട്ടാനുണ്ട്. തിരികെ നൽകേണ്ടതിന്റെ ഇരട്ടി തുക വായ്പ ഇനത്തിൽ ബാങ്കിന് ലഭിക്കാനുണ്ട്. വായ്പ ഇനത്തില്‍ പിരിഞ്ഞുകിട്ടേണ്ട തുക ഈടാക്കാൻ 217 ആര്ബിട്രേഷന് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. വിധിയായ ആര്ബിട്രേഷന് കേസുകളില്‍ 702 എണ്ണത്തിന്റെ എക്സിക്യൂഷന് നടപടികളും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. എക്സിക്യൂഷന് നടപടി വേഗത്തിലാക്കുന്നതിനായി വകുപ്പിലെ നാല് സ്പെഷല്‍ സെയില്‍ ഓഫിസര്‍മാരുടെ സേവനം ലഭ്യമാക്കും.
പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുക തിരികെ നൽകാനും ഇപ്പോള്‍ ബാങ്ക് നേരിടുന്ന പ്രതിസന്ധി മറികടക്കാനുമായി ഹ്രസ്വ, ദീര്‍ഘകാല പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവില്‍ ബാക്കി നില്ക്കുന്ന നിക്ഷേപം, കൊടുക്കാനുള്ള പലിശ, കാലാവധി എത്തിയ നിക്ഷേപം, ഇതിന് നല്‍കാനുള്ള പലിശ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.