തൃശൂർ: നൂറു കോടിയുടെ വായ്പ ക്രമക്കേട് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം നിലച്ചു. മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്തെങ്കിലും മറ്റു മൂന്നുപേരെക്കുറിച്ച് വിവരമില്ല.
ഒരാൾ നാടുവിട്ടതായി സംശയിക്കുന്നുണ്ടെങ്കിലും നാട്ടിൽത്തന്നെയുണ്ടെന്ന് കരുതുന്ന രണ്ടുപേരെയും അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നുെവന്നാണ് പറയുന്നത്. എന്നാൽ, ഇപ്പോൾ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നെ ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല.
ജൂലൈ 22നാണ് ബാങ്ക് നൽകിയ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. പിന്നാലെ ഭരണസമിതി പിരിച്ചുവിടലും തിരക്കിട്ട അന്വേഷണവും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കലും ഉണ്ടായെങ്കിലും അതെല്ലാം ആരംഭ ശൂരത്വമെന്ന പ്രതീതിയാണ് ഇപ്പോൾ ഉള്ളത്. മുഖ്യപ്രതികളും സി.പി.എം നേതാക്കളുമായ ബാങ്ക് മുൻ സെക്രട്ടറി ടി.കെ. സുനിൽകുമാർ, ബിജു കരീം, ജിൽസ് എന്നിവർ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. വനിത ജീവനക്കാരിയുൾപ്പെടെ ആറുപേരെയാണ് പ്രതിചേർത്തത്.
ബാങ്ക് ജീവനക്കാരനോ ബാങ്ക് അംഗമോ അല്ലാത്ത വായ്പ ഇടനിലക്കാരൻ കൂടിയായ കിരൺ, ബാങ്കിെൻറ മുൻ റബ്കോ കമീഷൻ ഏജൻറ് ബിജോയ്, ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടൻറ് റെജി അനിൽ എന്നിവരാണ് പിടിയിലാവാനുള്ളത്. ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇപ്പോൾ പിടിയിലായ പ്രതികൾ പോലും പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
എല്ലാവരുടെയും ജാമ്യാപേക്ഷ കോടതികൾ തള്ളിയിരുന്നു. ക്രൈംബ്രാഞ്ചിെൻറ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിനിടെ ഇ.ഡിയും അന്വേഷണം തുടങ്ങിയെന്ന് പറഞ്ഞിരുന്നെങ്കിലും നടപടികളിലേക്ക് കടന്നതായി അറിയില്ല. ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പത്തംഗ സമിതിയുടെ റിപ്പോർട്ടിലും തുടർനടപടികളിലേക്ക് കടന്നിട്ടില്ല. അതേസമയം, പണം തിരികെ വാങ്ങാനുള്ളവരുടെ തിരക്കൊഴിഞ്ഞതോടെ ബാങ്ക് പ്രവർത്തനം സാധാരണ നിലയിലേക്ക് മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.