കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും സി.പി.എം നേതാവുമായ പി.ആർ. അരവിന്ദാക്ഷനും മറ്റൊരു പ്രതിയും ബാങ്ക് മുൻ അക്കൗണ്ടൻറുമായ സി.കെ. ജിൽസും നൽകിയ ജാമ്യാപേക്ഷകളിൽ എറണാകുളം പ്രത്യേക പി.എം.എൽ.എ കോടതി 25ന് വിധി പറയും. ഒന്നാംപ്രതി സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ തുറന്ന കോടതിയിൽ കേൾപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകൻ സന്നദ്ധത അറിയിച്ചെങ്കിലും പ്രതിഭാഗം ശക്തമായി എതിർത്തു. ഇതേത്തുടർന്ന് ഇത് സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ഇ.ഡിക്ക് നിർദേശം നൽകി.
ഓഡിയോ ക്ലിപ്പുകളിൽ ആറെണ്ണം പണമിടപാടുമായി ബന്ധപ്പെട്ടതാണെന്നാണ് ഇ.ഡി പറയുന്നത്. എന്നാൽ, 2016 വരെ മൂന്ന് ക്വാറികളും ഹോട്ടലും നടത്തിയിരുന്നെന്നും ഇതിന്റെ പണമാണ് അക്കൗണ്ടിലെത്തിയതെന്നും അരവിന്ദാക്ഷന്റെ അഭിഭാഷകൻ വാദിച്ചു. സതീഷുമായി ബന്ധപ്പെട്ട പണമിടപാട് മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടതാണെന്നും ബോധിപ്പിച്ചു. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽനിന്ന് താൻ എടുത്ത വായ്പകൾ നിയമാനുസൃതമാണെന്നും അംഗമെന്ന നിലയിൽ തനിക്ക് അർഹതയുള്ളതിനാൽ അത് പ്രയോജനപ്പെടുത്തിയെന്നുമായിരുന്നു അരവിന്ദാക്ഷന്റെ വാദം. എന്നാൽ, പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടുമെന്നും ഇ.ഡി ബോധിപ്പിച്ചു. ഇരുഭാഗം വാദവും കേട്ടശേഷമാണ് ഹരജി വിധിപറയാൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.