തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് ക്രമക്കേട് സഹകരണമേഖലയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം പ്രതിസന്ധിയായതോടെ മുഖം രക്ഷിക്കാനും നിക്ഷേപകർക്ക് തിരികെ നൽകാനുള്ള പണം സമാഹരിക്കാനും തിരക്കിട്ട നീക്കത്തിലേക്ക് സർക്കാറും സി.പി.എമ്മും. ശനിയാഴ്ച കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍, വൈസ് പ്രസിഡന്റ് എം.കെ. കണ്ണന് എന്നിവര്‍ എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തി.
പ്രതിസന്ധി തരണംചെയ്യാനും നിക്ഷേപകരുടെ രോഷം ശമിപ്പിക്കാനുമുള്ള നടപടികളുമായിരുന്നു കൂടിക്കാഴ്ചയിലെ ചർച്ച വിഷയം. കഴിവതുംവേഗം 50 കോടി രൂപയെങ്കിലും നിക്ഷേപകര്‍ക്ക് മടക്കിനല്‍കാനാണ് തീരുമാനം. കേരള ബാങ്കിന്റെ റിസര്‍വ് ഫണ്ട് സംസ്ഥാന സര്‍ക്കാറിന്റെ സഹകരണ പുനരുദ്ധാരണ നിധിലേക്ക് മാറ്റി കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള സാധ്യതകൾ ആലോചിച്ചിരുന്നു. ഇതിലെ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഗോപി കോട്ടമുറിക്കല്‍ എം.വി. ഗോവിന്ദനെ അറിയിച്ചു. ഇത് തരണംചെയ്യാനുള്ള മാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സഹകരണ പുരുദ്ധാരണനിധിക്ക് റിസർവ് ബാങ്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കുകയും ഉന്നത സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീളുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര നടപടികളിലേക്ക് പാർട്ടി കടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും എല്ലാ കാര്യങ്ങളും ഫോണ്‍ വഴി മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം എം.കെ. കണ്ണന് മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. അതിനുശേഷമാണ് എം.വി. ഗോവിന്ദനുമായുള്ള ചർച്ച.
സി.പി.എം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കരുവന്നൂര്‍ ബാങ്കിന് ഫണ്ട് കണ്ടെത്തുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സഹകരണ മന്ത്രി വി.എന്‍. വാസവന് മൂന്നിന് കൊച്ചിയില്‍ യോഗം വിളിച്ചിട്ടുണ്ട്.
സഹകരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, കേരള ബാങ്ക് പ്രതിനിധികള്‍, കരുവന്നൂര്‍ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റിവ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ സഹകരണ പുനരുദ്ധാരണ നിധി രൂപവത്കരിച്ച് നിക്ഷേപകര്‍ക്ക് പണം മടക്കിനല്കാനുള്ള നീക്കമാണ് പ്രധാനമായി ചര്‍ച്ച ചെയ്യുക. നാലിന് സംസ്ഥാനത്തെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ ഓൺലൈൻ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്കിനെ സഹായിക്കാന്‍ സഹകരണ സംഘങ്ങളുടെ കണ്‍സോർട്യം രൂപവത്കരിക്കാൻ നേരത്തേ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ഗാരന്റി നല്‍കാതെ കഴിയില്ലെന്ന് സഹകരണ സംഘങ്ങള്‍ നിലപാട് സ്വീകരിച്ചു. സര്‍ക്കാര്‍ ഗാരന്റി അടക്കം നല്‍കുമെന്ന ഉറപ്പിൽ ഈ സാധ്യത പൊടിതട്ടിയെടുക്കാനും ആലോചനയുണ്ട്.
കേരള ബാങ്ക് ജീവനക്കാരുടെ ഫ്രാക്ഷന്റെയും കേരള ബാങ്കിലെ സി.പി.എം ഡയറക്ടര്‍മാരുടെയും യോഗവും ചേര്‍ന്നിരുന്നു. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം 11നും ജനറല്‍ ബോഡിയോഗം 12നും വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.