തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയവരുടെ അറസ്റ്റ് വൈകുന്നതിൽ ദുരൂഹത. അറസ്റ്റ് വൈകിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്ന ആക്ഷേപം ശക്തമായി. കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി.
ക്രൈംബ്രാഞ്ചിെൻറ പ്രത്യേക സംഘമാണ് തട്ടിപ്പ് അന്വേഷിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് ആഴ്ച പിന്നിടുകയും പ്രതികൾ കസ്റ്റഡിയിലുണ്ടെന്ന സൂചന പുറത്തുവന്ന് ദിവസങ്ങളാവുകയും ചെയ്തിട്ടും കസ്റ്റഡി സ്ഥിരീകരിക്കുകപോലും ചെയ്യാത്തത് രാഷ്ട്രീയ സമ്മർദം കാരണമാണെന്നാണ് സൂചന. പ്രതികൾ ഞായറാഴ്ച കസ്റ്റഡിയിലായതായി പൊലീസ് വൃത്തങ്ങളിൽനിന്നുതന്നെയാണ് സൂചന ലഭിച്ചത്. പ്രതികൾ പിടിയിലായ അയ്യന്തോൾ ഫ്ലാറ്റിനടുത്തുള്ളവരും ഇത് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിവരം പുറത്തായത്.
പ്രതികളെ പി.പി.ഇ കിറ്റ് ധരിപ്പിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത് കണ്ട ദൃക്സാക്ഷി മൊഴി വന്നതിനെ തുടർന്ന് ആരാഞ്ഞപ്പോൾ കസ്റ്റഡിയിലെടുത്തുവെന്ന സൂചനയാണ് പൊലീസ് നൽകിയത്. എന്നാൽ, കസ്റ്റഡി സ്ഥിരീകരിക്കാൻ പിന്നീട് ബന്ധപ്പെട്ടെപ്പോഴെല്ലാം അന്വേഷണ സംഘം അത് തള്ളുകയാണ്. അറസ്റ്റ് ൈവകിയാൽ പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാറുണ്ട്. എന്നാൽ, സംസ്ഥാനം ഞെട്ടിയ 100 കോടിയിലേറെ രൂപയുടെ തട്ടിപ്പിലെ പ്രതികളുടെ കാര്യത്തിൽ അതും ഉണ്ടായില്ല.
പ്രതികൾ സംസ്ഥാനവും രാജ്യവും വിടുന്നത് തടയാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് അംഗങ്ങളുമായിരുന്ന പ്രതികൾ ഉന്നത രാഷ്ട്രീയ ബന്ധവും സ്വാധീനങ്ങളും രാജ്യാന്തര ബന്ധങ്ങളും ഉള്ളവരാണെന്നിരിക്കെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടതാണ്. എന്നാൽ, പ്രതികൾ കൈയിലുള്ളതിനാലാണ് നോട്ടീസ് പുറപ്പെടുവിക്കാത്തതെന്നും പറയുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയാൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം. അതാണ് അറസ്റ്റ് സ്ഥിരീകരിക്കാത്തതിന് പിന്നിലെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.