തൃശൂർ: കരുവന്നൂർ ബാങ്കിനെ നഷ്ടത്തിലാക്കിയ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബാങ്കിെൻറ നിയന്ത്രണത്തിലുള്ള നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകൾ വാങ്ങിയതിലൂടെ 1.15 കോടിയുടെ നഷ്ടമുണ്ടായതായി കണ്ടെത്തി. ഇക്കാര്യം രേഖപ്പെടുത്തിയ ഓഡിറ്റ് റിപ്പോർട്ട് മാറ്റിവെച്ചിരിക്കുകയായിരുന്നു.
ഗുണനിലവാരമില്ലാത്ത മരുന്ന് ഇനി വാങ്ങരുതെന്ന് രജിസ്ട്രാർ നിർദേശിച്ചിട്ടും അത് ലംഘിച്ച് വീണ്ടും വാങ്ങിയതായും 91.43 ലക്ഷം രൂപ മുൻകൂർ അനുവദിച്ചതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് നീതി സ്റ്റോറുകളിൽനിന്ന് 2019-20 സാമ്പത്തിക വർഷത്തിൽ മാത്രം 10.28 ലക്ഷത്തിെൻറ വസ്തുക്കൾ കാണാതായി. ഇതിെൻറ നഷ്ടം ചുമതലയുണ്ടായിരുന്ന ജീവനക്കാരിൽനിന്ന് ഈടാക്കാനായിരുന്നു ഓഡിറ്റ് നിർദേശം. ഇതും അവഗണിച്ചു.
ബാങ്കിെൻറ വളം വിൽപന, റബ്കോ ഉൽപന്ന കേന്ദ്രങ്ങളിലും ഹാർഡ് വെയർ-ഗ്യാസ് ഏജൻസി- സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലുമായി 1.69 കോടിയുടെ വസ്തുക്കൾ സ്റ്റോക്കിൽ കാണാനില്ലെന്നും പൂഴ്ത്തിവെച്ച ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി സ്വീകരിച്ചവരിൽ കാരമുക്കിലെ ഒരു സ്കൂളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു കോടിയാണ് സ്കൂൾ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. പ്രവർത്തന മേഖലയിൽ അല്ലാതിരുന്നിട്ട് കൂടി ബാങ്കിലേക്ക് നിക്ഷേപമെത്തിയത് കമീഷൻ ഏജൻറിലൂടെയാണെന്നാണ് സംശയിക്കുന്നത്. ഇത്തരം നിക്ഷേപങ്ങളുടെ മറവിൽ ഒരു പ്രവാസി ഭീമമായ തുക വായ്പയെടുത്തത് സംബന്ധിച്ചും പരിശോധിക്കുന്നുണ്ട്.
അതിനിടെ, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും. പ്രതികൾ കസ്റ്റഡിയിലുണ്ടെന്നും ഇല്ലെന്നുമുള്ള വിവാദങ്ങൾക്കിടയിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതിയിലെത്തുന്നത്. അതേസമയം, കേസിൽ തെളിവുകൾ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും പഴുതടച്ച തെളിവ് ശേഖരിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കൂ എന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടിെൻറയും ബിനാമി ഇടപാടുകളുടെയും നിരവധി രേഖകൾ കിട്ടിയിരുന്നു. ഇതനുസരിച്ചുള്ള പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.