തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ സി.പി.എം ജില്ല കമ്മിറ്റിയിൽ കടുത്ത വിമർശനവുമായി നേതാക്കൾ. നേതാക്കളുടെ വീഴ്ചയാണ് ഗുരുതര പ്രതിസന്ധിക്കിടയാക്കിയതെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി.
പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയോടും നേതാക്കളോടുമുള്ള വിശ്വാസം നഷ്ടമായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഈ സാഹചര്യത്തിൽ സർക്കാർ തലത്തിൽ ഇടപെടലിന് സമ്മർദമുണ്ടാക്കാനും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിക്കാനുള്ള നടപടികളെടുക്കാനും ജില്ല കമ്മിറ്റി തീരുമാനിച്ചു. നിക്ഷേപകരുടെ പണം മടക്കി നൽകാൻ പദ്ധതി തയാറാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും തിങ്കളാഴ്ച ചേർന്ന ജില്ല കമ്മിറ്റി തീരുമാനിച്ചു. ഇ.ഡി നീക്കത്തിനെതിരെ മണ്ഡലാടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കും. വീടുകൾ തോറും ബോധവത്കരണം നടത്തും.
ബാങ്കിന്റെ മറവിൽ അയ്യന്തോൾ ബാങ്കിനെതിരെ ഉയർത്തുന്ന വായ്പതട്ടിപ്പാരോപണവും കൊടുങ്ങല്ലൂർ ബാങ്കിനെതിരെ ഉയർത്തുന്ന സ്വർണത്തട്ടിപ്പ് ആരോപണവും അനാവശ്യമാണെന്നും കമ്മിറ്റിയിൽ വാദമുയര്‍ന്നു. ഇരു സംഭവത്തിലും ബാങ്കിന് പങ്കില്ലെന്ന് ചുമതലയുള്ള നേതാക്കൾ വിശദീകരിച്ചു.
നിയമനടപടിയുമായി മുന്നോട്ടു പോകാൻ ജില്ല കമ്മിറ്റി നിർദേശിച്ചു. എ.സി. മൊയ്തീനെ പൂർണമായി പിന്തുണച്ച ജില്ല കമ്മിറ്റി, ഇ.ഡി നീക്കത്തിനെതിരെ പ്രതിരോധം ശക്തമായി തുടരാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.