തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പതട്ടിപ്പ് സമീപകാലത്താണ് അറിഞ്ഞതെന്ന സി.പി.എം വാദം പൊളിച്ച് 2018ലെ പാർട്ടി ബ്രാഞ്ച് യോഗത്തിെൻറ ശബ്ദരേഖ പുറത്ത്. ശബ്ദരേഖ പാർട്ടി യോഗത്തിൽ നിന്ന് ചോർന്നതിെൻറ ഞെട്ടലിലാണ് സി.പി.എം. 2018 ഡിസംബര്‍ എട്ടിന് മാടായിക്കോണം ബ്രാഞ്ച് കമ്മിറ്റി വായ്പതട്ടിപ്പ് ചര്‍ച്ച ചെയ്യുന്നതിെൻറ സംഭാഷണമാണ് പുറത്തായത്. ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും ഇടപെടലുകളും വീഴ്ചകളും അക്കമിട്ട് നിരത്തി വിശദീകരിക്കുന്നതും ചോദ്യം ചെയ്യുന്നതും ശബ്ദരേഖയിലുണ്ട്. വായ്പതട്ടിപ്പിെൻറ കാര്യം മാധ്യമങ്ങളില്‍ വരരുതെന്നും മൂടിവെക്കണമെന്നും പ്രാദേശിക നേതാക്കൾ നിര്‍ദേശം നല്‍കുന്നുണ്ട്. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന് ബാങ്ക് പ്രസിഡൻറ് യോഗത്തില്‍ വിശദീകരിക്കുന്നുണ്ട്. ബിനാമി പേരുകളില്‍ വായ്പ അനുവദിച്ചതും അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറയുന്ന യോഗത്തിെൻറ 35 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവന്നത്.
പരാതി ശ്രദ്ധയില്‍പ്പെട്ട ഉടൻ നടപടി സ്വീകരിച്ചെന്നായിരുന്നു അടുത്തിടെ സി.പി.എം പറഞ്ഞത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് 2018ലെ ശബ്ദരേഖ. ബാങ്ക് ഭരണസമിതി പ്രസിഡൻറ് കൂടി അംഗമായ ബ്രാഞ്ചിൽ അദ്ദേഹത്തിെൻറ സാന്നിധ്യത്തിലാണ് വിമർശനവും ചർച്ചയും ഉയർന്നത്. പൊറത്തിശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡൻറ് യോഗത്തിൽ ആവർത്തിച്ച് വിശദീകരിക്കുന്നുണ്ട്. മതിപ്പ് വിലയെക്കാൾ കൂടുതൽ ഭൂമിക്ക് വായ്പ നൽകിയതും യോഗം ചർച്ച ചെയ്തിട്ടുണ്ട്.
മുമ്പ്, തട്ടിപ്പിനെക്കുറിച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരാതി അറിയിച്ചിട്ടും നടപടിയെടുക്കാതിരുന്ന ചാനൽ ചർച്ചയുടെ വിഡിയോ പുറത്തുവന്നത് വിവാദത്തിനിടയായിരുന്നു. അതിനെക്കാൾ ഗുരുതരമാണ് മൂന്ന് വർഷത്തോളം മുമ്പ് തട്ടിപ്പുകാര്യം ചർച്ച ചെയ്ത പാർട്ടി യോഗത്തിെൻറ ശബ്ദരേഖ പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.