കൊച്ചി: കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ ജാമ്യം തേടുന്ന ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ 14ാം പ്രതിയും ഹരജിക്കാരനുമായ കോലഴി സ്വദേശി പി. സതീഷിന് ഹൈകോടതി സമയം അനുവദിച്ചു.
സെപ്റ്റംബർ നാലിന് അറസ്റ്റിലായ താൻ മൂന്നുമാസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ജാമ്യഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിക്കുന്നത്. ഇ.ഡിക്കുവേണ്ടി അഡീ. സോളിസിറ്റർ ജനറലിന് ഹാജരാകാനാണ് ഹരജി നേരത്തേ മാറ്റിയത്. ബുധനാഴ്ച എ.എസ്.ജിയാണ് ഹാജരായത്.
സത്യവാങ്മൂലം നൽകാൻ ഹരജിക്കാരൻ സമയം തേടിയതിനെത്തുടർന്ന് ഹരജി ഈ മാസം 16ലേക്ക് വീണ്ടും മാറ്റുകയായിരുന്നു. എറണാകുളത്തെ സ്പെഷൽ അഡീ. സെഷൻസ് കോടതി നവംബർ 29ന് ജാമ്യഹരജി തള്ളിയതിനെത്തുടർന്നാണ് സതീഷ് ഹൈകോടതിയെ സമീപിച്ചത്. തട്ടിപ്പുമായി ബന്ധമില്ലെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചിട്ടും വഴങ്ങാത്തതിനാലാണ് തന്നെ കേസിൽ പ്രതിയാക്കിയതെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.