കരുവാരകുണ്ട് (മലപ്പുറം): പതിറ്റാണ്ടുകളായുള്ള മുസ്ലിംലീഗ് ഭരണത്തിന് അന്ത്യം കുറിച്ച് കോൺഗ്രസ് സഹായത്താൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സി.പി.എമ്മിെൻറ കൈകളിലേക്ക്. സി.പി.എം സ്വതന്ത്രൻ മഠത്തിൽ ലത്തീഫ് പ്രസിഡൻറും സി.പി.എം അംഗം സി.കെ. ബിജിന വൈസ് പ്രസിഡൻറുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നീക്കങ്ങൾക്കും ഒടുവിലാണ് ലീഗിനെ തള്ളി കോൺഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചത്. ലീഗിൽനിന്ന് മുൻ പ്രസിഡൻറ് കൂടിയായ കെ. മുഹമ്മദ് മാസ്റ്റർ, സി.പി.എമ്മിൽനിന്ന് മഠത്തിൽ ലത്തീഫ് എന്നിവർക്ക് പുറമെ കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് വി. ആബിദലിയും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നു. 21 അംഗ ബോർഡിൽ ഒമ്പതംഗങ്ങളുടെ പിന്തുണയുള്ള ലീഗ് ജയമുറപ്പിച്ചതിനിടെയാണ് തികച്ചും നാടകീയമായി കോൺഗ്രസിലെ ഏഴംഗങ്ങളും സി.പി.എം സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. സി.പി.എമ്മിെൻറ അഞ്ച് അംഗങ്ങളുടേതുൾപ്പെടെ 12 വോട്ടുകൾ നേടി മഠത്തിൽ ലത്തീഫ് പ്രസിഡൻറായി. കോൺഗ്രസിലെ ആബിദലി സംപൂജ്യനുമായി.
ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മുൻ വൈസ് പ്രസിഡൻറ് കൂടിയായ മുസ്ലംലീഗിലെ റോഷ്നി സുരേന്ദ്രനും സി.പി.എമ്മിലെ സി.കെ. ബിജിനയുമായിരുന്നു രംഗത്ത്. കോൺഗ്രസ് പിന്തുണയിൽ ഒമ്പതിനെതിരെ 12 വോട്ടുകൾ നേടി ബിജിന തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കരുവാരകുണ്ട് പഞ്ചായത്ത് ഭരണം പൂർണമായും സി.പി.എം കൈയടക്കുന്നത്, അതും 21ൽ അഞ്ച് അംഗങ്ങൾ മാത്രമുണ്ടായിരിക്കെ. 1979ൽ കോൺഗ്രസുമായൊന്നിച്ച് സി.പി.എമ്മിലെ നെടുമ്പ മുഹമ്മദ് പ്രസിഡൻറായിരുന്നു. 2000ത്തിൽ ലീഗുമായി ചേർന്നുള്ള മുന്നണിയിൽ എം. മുഹമ്മദ് മാസ്റ്റർ വൈസ് പ്രസിഡൻറുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.