കോൺഗ്രസ്സിലെ ഗ്രൂപ്പിസം: ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയർമാനടക്കം നേതാക്കൾ രാജിവെച്ചു

മഞ്ചേശ്വരം: കോൺഗ്രസിലെ ഗ്രൂപ്പിസത്തെ തുടർന്ന് മഞ്ചേശ്വരത്തെ നിരവധി നേതാക്കൾ തെരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്നും പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും രാജിവെച്ചു. ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ ഹർഷാദ് വോർക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകർ, ഡി.സി.സി സെക്രട്ടറി കേശവ പ്രസാദ് നാണിത്തിലു, സുന്ദര ആരിക്കാടി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നാസിർ മൊഗ്രാൽ, ജില്ലാ സെക്രട്ടറി അഡ്വ: സുധാകര റായ്, ഐ.എൻ.ടി.യു.സി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് സുനീത് കുമാർ, ലക്ഷ്മണ പ്രഭു എന്നിവരാണ് രാജിവെച്ചത്. രാജികത്ത് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെ.പി.സി.സി എന്നിവർക്ക് കൈമാറിയതായി ഹർഷാദ് വോർക്കാടി മാധ്യമത്തോട് പറഞ്ഞു.

പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ മുൻബ്ലോക്ക് പ്രസിഡന്റ് ഡി.എം.കെ മുഹമ്മദിനെ തിരിച്ചെടുത്ത കെ.പി.സി.സി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്നു രാജിവെച്ചവർ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയവരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അംഗത്വ വിതരണത്തിൽ പങ്കാളികളാക്കാരുതെന്നു കഴിഞ്ഞ മാസം 19 ന് കെ.പി.സി.സി സർക്കുലർ ഇറക്കിയിരുന്നു.ഇതിനു പിന്നാലെ ഡി.എം.കെ മുഹമ്മദിനെ ഏകപക്ഷിയമായി കെ.പി.സി.സി പാർട്ടിയിൽ തിരിച്ചെടുത്തായി പ്രസ്താവന ഇറക്കുകയായിരുന്നുവെന്നാണ് രാജി വെച്ചവർ ആരോപിക്കുന്നത്.

ഹർഷാദ് വോർക്കാടിയുടെ രാജി മൂലം യു.ഡി.എഫിന് കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയേക്കും. നിലവിൽ 17 അംഗ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ്സിന് നാലും ലീഗിന് നാലും ഉൾപ്പെടെ യു.ഡി.എഫിന് എട്ടു അംഗങ്ങൾ ആണ് ഉള്ളത്. ഇടതു മുന്നണിക്ക് ഏഴും ബി.ജെ.പിക്ക് രണ്ടും അംഗങ്ങൾ ഉണ്ട്. കോൺഗ്രസ്സ് അംഗത്തിന്റെ രാജിയുടെ യു.ഡി.എഫിന് ജില്ലാ പഞ്ചായത്തിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോർക്കാടി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി ഹർഷാദ് വോർക്കാടിക്കെതിരെ വിമതനായി മത്സരിച്ചതിനെ തുടർന്നാണ് ഡി.എം.കെ മുഹമ്മദ് അടക്കമുള്ള നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഡി.എം.കെ മുഹമ്മദിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഡി.സി.സി നേത്രത്വവുമായി കെ.പി.സി.സി നേതാക്കൾ ചർച്ച നടത്തിയിട്ടില്ലെന്ന് ഡി.സി.സി ഭാരവാഹി പറഞ്ഞു.

Tags:    
News Summary - kasaragod dcc conflicts: jilla panchayat chairman and members resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.