കാസർകോട്: പാണത്തൂർ ബസ് അപകടത്തിന് കാരണം യന്ത്രതകരാറല്ലെന്ന് ആർ.ടി.ഒയുടെ പ്രാഥമിക നിഗമനം. ബസിന്‍റെ ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ കണ്ടെത്താനായില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണെന്നും കാസർകോട് ആർ.ടി.ഒ രാധാകൃഷ്ണൻ വ്യക്തമാക്കി.
ഡ്രൈവറുടെ അശ്രദ്ധയും പരിചയകുറവും കൂടുതൽ ആളുകളെ കയറ്റിയതും അപകടത്തിന് കാരണമായിട്ടുണ്ടാകാം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ േശഷം കൂടുതൽ പരിശോധന നടത്തുമെന്നും ആർ.ടി.ഒ വാർത്താ ചാനലിനോട് പറഞ്ഞു.
കേരള-കർണാടക അതിർത്തിയായ പാണത്തൂർ പരിയാരത്തിനടുത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കര്‍ണാടക സ്വദേശികളായ ഏഴു പേരാണ് മരിച്ചത്. അമ്പതോളം പേർക്ക് പരിക്കേറ്റു.
കർണാടക പുത്തൂരിൽ നിന്ന് കരിക്കെയിലേക്ക് വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് കേരളത്തിലെ പാണത്തൂർ പരിയാരത്ത് ബസ് അപകടത്തിൽപെട്ടത്. ഇറക്കത്തിൽ നിയന്ത്രണംവിട്ട് റോഡരികിലെ കമ്യൂണിറ്റിഹാളിൽ ഇടിച്ച ശേഷം ആൾത്താമസമില്ലാത്ത വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കാസർകോട് കലക്ടറോട് ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. റീജണൽ ട്രാൻസ്പോർട്ട് ഒാഫീസറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.