തുക വകയിരുത്തിയിട്ടും മൂന്ന്​ മേൽപാലത്തിന് അനുമതിയില്ല

ബീരിച്ചേരി, വെള്ളാപ്പ് റോഡ്, ഉദിനൂർ മേൽപാലങ്ങൾക്കാണ് റെയിൽവേ ബോർഡ് അനുമതി നിഷേധിച്ചത് തൃക്കരിപ്പൂർ: മണ്ഡലത്തിലെ തൃക്കരിപ്പൂർ, പടന്ന മേഖലയിൽ പ്രഖ്യാപിച്ച അഞ്ച് റോഡ് റെയിൽവേ മേൽപാലങ്ങളിൽ മൂന്നെണ്ണത്തിന് അനുമതിയില്ല. പടന്നയിലെ ഉദിനൂർ (നടക്കാവ്), തൃക്കരിപ്പൂർ ബീരിച്ചേരി, വെള്ളാപ്പ് റോഡ്, സൗത്ത് തൃക്കരിപ്പൂർ രാമവില്യം, ഒളവറ ഉളിയം മേൽപാലങ്ങളാണ് റെയിൽവേയുടെ വിഷൻ 2020 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള ബീരിച്ചേരി, വെള്ളാപ്പ് റോഡ്, ഉദിനൂർ മേൽപാലങ്ങൾക്കാണ് റെയിൽവേ ബോർഡ് അനുമതി നിഷേധിച്ചത്. താരതമ്യേന ഗതാഗതം കുറഞ്ഞ സൗത്ത് തൃക്കരിപ്പൂർ രാമവില്യം, ഒളവറ ഉളിയം മേൽപാലങ്ങൾക്കാണ് അനുമതിയായത്. നടപടികൾ ഏറക്കുറെ മുന്നോട്ടുപോയ തൃക്കരിപ്പൂർ ബീരിച്ചേരി മേൽപാലവുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോർട്ട് സമർപ്പിക്കുകയും സ്ഥലമെടുപ്പ് മൂന്നു മാസത്തിനകം ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീടൊന്നും ഉണ്ടായില്ല. ഒരു വർഷം മുമ്പുതന്നെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ നേതൃത്വത്തിൽ അലൈൻമെന്റും വിശദ പരിശോധന റിപ്പോർട്ടും തയാറാക്കി റെയിൽവേക്ക് സമർപ്പിച്ചതാണ്. പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിൽ 2017 ജൂലൈ 22 നാണ് ഡി.പി.ആർ തയാറാക്കുന്നതിന് ഉദ്യോഗസ്ഥർ ബീരിച്ചേരിയിലെത്തിയത്. 2015ലെ റെയിൽ ബജറ്റിലാണ് ബീരിച്ചേരി മേൽപാലം അനുവദിച്ചത്. 2016ൽ വെള്ളാപ്പ് റോഡ്, ഉദിനൂർ എന്നിവിടങ്ങളിൽ മേൽപാലം നിർമിക്കാൻ നടപടിയായി. 20 കോടി വീതമാണ് റെയിൽവേക്ക് കൈമാറുന്ന സംസ്ഥാന വിഹിതം. തൊട്ടുപിന്നാലെയാണ് ഒളവറ -ഉളിയംകടവ്, രാമവില്യം ഗേറ്റുകൾക്കുമീതെ മേൽപാലം പണിയാൻ പ്രാരംഭ നടപടി ആരംഭിച്ചത്. പടന്ന, പിലിക്കോട്, വലിയപറമ്പ, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ വാഹനയാത്രക്കാരെ മണിക്കൂറുകളോളം തളച്ചിടുന്ന ഗേറ്റുകളിൽ നിന്നുള്ള മോചനം നീളുകയാണ്. ഒളവറ -ഉളിയം കടവ്, രാമവില്യം ഗേറ്റുകൾക്കുമീതെ മേൽപാലം പണിയാൻ മണ്ണുപരിശോധന, സർവേ എന്നിവക്ക് റെയിൽവേ കരാർ നൽകിയിരുന്നു. ഒളവറ റെയിൽവേ ഗേറ്റ് പരിസരത്ത് പാളത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ഗവ. സങ്കേത യു.പി സ്‌കൂളിലേക്കുള്ള കുട്ടികളുടെ യാത്ര അത്യധികം അപകടകരമാണ്. പാളങ്ങൾ വളഞ്ഞുപോകുന്ന മേഖലയാണിത്. പടിഞ്ഞാറുഭാഗത്തുനിന്നുള്ള കുട്ടികളെ നിത്യവും അധ്യാപകരോ രക്ഷിതാക്കളോ ആണ് പാളം കടത്തുന്നത്. പടം tkp Beericheri Gate തൃക്കരിപ്പൂർ പയ്യന്നൂർ മെയിൻ റോഡിൽ ബീരിച്ചേരി റെയിൽവേ ഗേറ്റിൽ കുരുങ്ങിയ വാഹനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.