നീലേശ്വരം: കാഞ്ഞിരപ്പൊയിലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഹാശിലാ കാലഘട്ടത്തിൽ നിർമിച്ചതെന്ന് കരുതുന്ന, പാറയിൽ കൊത്തിയെടുത്ത ചവിട്ടടയാളങ്ങൾ കണ്ടെത്തി.
പ്രാദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനമാണ് ശിലാചിത്രങ്ങൾ കണ്ടെത്തിയത്. തുടർന്ന് സ്ഥലം സന്ദർശിച്ച പുരാവസ്തു ഗവേഷകൻ പ്രഫ. അജിത്ത് കുമാർ, ചരിത്ര ഗവേഷകൻ ഡോ. നന്ദകുമാർ കോറോത്ത് എന്നിവർ പാറപ്പുറത്ത് വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിൽ പുരാതന സംസ്കാരത്തിന്റെ വിസ്മയകരമായ തെളിവുകൾ തിരിച്ചറിഞ്ഞു.
24 ജോടി കാൽപാദങ്ങളും ഒരു മനുഷ്യ രൂപവുമാണ് പാറയിൽ ഇരുമ്പായുധങ്ങൾ കൊണ്ട് കോറിയിട്ട നിലയിലുള്ളത്. ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ഇഞ്ച് നീളത്തിലുള്ളതാണ് കാൽപാദങ്ങൾ എന്നത് കുട്ടികളുടേയും പ്രായമായവരുടേയും കാൽപാദങ്ങളാണ് ചിത്രീകരിച്ചത് എന്നതിന് തെളിവാണ്. കാൽപാദങ്ങൾ അവസാനിക്കുന്നിടത്ത് ഒരു മനുഷ്യ രൂപവും കൊത്തി വെച്ചിട്ടുണ്ട്. മനുഷ്യ രൂപത്തിന്റെ ചുറ്റിലുമായി വൃത്താകൃതിയിലുള്ള നാല് കുഴികളും കാണപ്പെടുന്നുണ്ട്.
സമാനമായ ശിലാ ചിത്രങ്ങൾ ഉഡുപ്പി ജില്ലയിലെ അവലക്കിപ്പാറയിൽ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയിട്ടുണ്ട്. രണ്ടായിരത്തോളം വർഷം പഴക്കമുള്ള ശിലാ ചിത്രങ്ങൾ മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും കേരളത്തിന്റെയും ചരിത്രാതീതകാലത്തെ സംസ്കാരത്തിന്റെ നേർക്കാഴ്ചകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.