കാസർകോട്: കുമ്പള ബദ്രിയ നഗറിലെ വിധവയായ ഖദീജുമ്മക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ കുമ്പള സെക്ഷൻ കെ.എസ്.ഇ.ബി അധികൃതർ കനിയണം. 2019-20 വാർഷിക ലൈഫ് മിഷൻ ഭവനപദ്ധതിയിൽ കുമ്പള ഗ്രാമപഞ്ചായത്ത് നൽകിയതാണ് നായിക്കാപ്പ് ശിവാജി നഗറിൽ സർക്കാറിൽനിന്ന് ലഭിച്ച ഭൂമിയിൽ വീടിനുള്ള സഹായം. വീടുനിർമാണം പകുതിയിലായപ്പോൾ വീടെന്ന സ്വപ്നത്തിന് വൈദ്യുതിലൈൻ തടസ്സമായി. വീടിന്റെ മുകളിലൂടെയാണ് വൈദ്യുതിലൈൻ പോയിരിക്കുന്നത്.
പഞ്ചായത്തിൽനിന്ന് ലഭിച്ച ഒന്നാം ഗഡുവും രണ്ടാം ഗഡുവും കൂടിയുള്ള 1.25 ലക്ഷം രൂപ കൊണ്ട് വീടിന്റെ മതിൽവരെ ഉയർത്തി. പിന്നീടാണ് കുരുക്കു വീഴുന്നത്. വൈദ്യുതിക്കമ്പി വീടിന്റെ മുകളിലൂടെയാണെന്ന കാര്യം വൈകിയാണ് ഖദീജുമ്മ അറിയുന്നത്. നിർമാണത്തൊഴിലാളികൾ വിവരം നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ഈ കുരുക്കഴിക്കാൻ നേരത്തെതന്നെ കഴിയുമായിരുന്നുവെന്ന് ഖദീജുമ്മ പറയുന്നു. രണ്ടു വർഷമായി ഖദീജുമ്മ കെ.എസ്.ഇ.ബി ഓഫിസും പഞ്ചായത്ത് ഓഫിസും കയറിയിറങ്ങുകയാണ്. രണ്ടിടത്തും പരാതിയും കൊടുത്തിട്ടുണ്ട്. ഭവനപദ്ധതിയിലെ ബാക്കി തുക ലഭിക്കണമെങ്കിൽ വീടുനിർമാണം പൂർത്തിയാക്കണം. അതിന് വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.
സ്വന്തം ചെലവിൽ വൈദ്യുതിത്തൂൺ മാറ്റിസ്ഥാപിക്കാനുള്ള സാമ്പത്തികശേഷി ഖദീജുമ്മക്കില്ല. കൂലിവേല ചെയ്താണ് വൃദ്ധയായ ഖദീജുമ്മ കുടുംബം പോറ്റുന്നതുതന്നെ. നിർമാണം പാതിവഴിയിലായ വീടിന്റെ ജനലും കട്ടിലുമൊക്കെ ദ്രവിച്ച് പരിസരം കാടുമൂടിക്കിടക്കുകയാണ്. ഇപ്പോൾ ബദ്രിയാനഗറിൽ വാടകക്കെട്ടിടത്തിൽ കഴിയുന്ന ഖദീജുമ്മ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പദ്ധതിത്തുക ലാപ്സാകുമോ എന്ന ആശങ്കയിലാണിവരുള്ളത്. വീടെന്നസ്വപ്നം പൂർത്തിയാകാൻ കാത്തിരിക്കുകയാണ് ഈ വീട്ടമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.