കാസർകോട്: അഞ്ചുവര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായ അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ ജില്ലയില്‍ പൂര്‍ത്തിയായി.
ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, വരുമാനം എന്നീ അടിസ്ഥാന ഘടകങ്ങള്‍ പരിഗണിച്ച് ജില്ലയിലെ 38 പഞ്ചായത്തുകളിലെയും മൂന്ന് മുനിസിപ്പാലിറ്റികളിലെയും 777 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഘട്ടങ്ങളിലായി നടന്ന ഫോക്കസ് ഗ്രൂപ് ചര്‍ച്ചകള്‍ക്കുശേഷമാണ് അതിദരിദ്രരെ കണ്ടെത്തിയത്. ഇവരുടെ പൂര്‍ണവിവരങ്ങള്‍ പ്രത്യേകം തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സോഫ്റ്റ്വെയറില് അപ്ഡേറ്റ് ചെയ്തു. ജില്ലയിലെ മൂന്നരലക്ഷം കുടുംബങ്ങളില്‍നിന്ന് 3532 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരും സാമ്പത്തിക സ്ഥിതിവിവരക്കണക്കു വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനക്കുശേഷം 2930 പേര് അര്‍ഹരാണെന്ന് കണ്ടെത്തി.
മംഗൽപാടി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതലും (219) വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ (ഒന്ന്) ഏറ്റവും കുറവും അതിദരിദ്രരെ കണ്ടെത്തി. അതിദരിദ്രരുടെ പേരുകള്‍ ഗ്രാമ/വാര്‍ഡ് സഭകളില്‍ വായിച്ച് അംഗീകരിക്കുന്നതോടകൂടി അന്തിമ പട്ടിക തയാറാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.